തദ്ദേശ തോൽവി: എ.ഐ.സി.സി ജനറൽ സെക്രട്ടറിയും സെക്രട്ടറിമാരും ഇന്നെത്തും
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ തോൽവി വിലയിരുത്തുന്നതിന് കേരളത്തിന്റെ ചുമലയുള്ള എഐസിസി ജനൽ സെക്രട്ടറി താരീഖ് അൻവർ ഇന്ന് കേരളത്തിലെത്തും. സംസ്ഥാനത്തെ നേതാക്കളെയും എം.പിമാരെയും പ്രത്യേകം കണ്ട് ആശയവിനിമയം നടത്തും. താരീഖ് അൻവറിനൊപ്പം കേരളത്തിന്റെ ചുമതലയുള്ള മൂന്ന് എഐസിസി സെക്രട്ടറിമാരും സംസ്ഥാനത്തെത്തുന്നുണ്ട്.
കേരളത്തിലേറ്റ തെരഞ്ഞെടുപ്പ് പരാജയത്തെ ഏറെ ഗൗരവത്തിലാണ് ഹൈക്കമാന്റ് കാണുന്നത്. തോൽവിക്ക് പിന്നാലെ സംസ്ഥാനത്തെ മുതിർന്ന നേതാക്കളടക്കം നടത്തിയ പരസ്യ പ്രതികരണങ്ങൾക്ക് വിലങ്ങിട്ട ശേഷം നേരിട്ടെത്തുകയാണ്. ഇന്ന് രാത്രിയോടെ എത്തുന്ന താരീഖ് അൻവർ കെപിസിസി നേതൃത്വങ്ങളുമായി പ്രാഥമിക ചർച്ച നടത്തും.
നാളെ രാവിലെ 11 മണിമുതൽ രാഷ്ട്രീയകാര്യ സമിതിയംഗങ്ങളുമായി ഓരോരുത്തരുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തും. തുടർന്ന് ഡിസിസി അധ്യക്ഷൻമാരെയും കേൺഗ്രസിന്റെ പാർലമെന്റ് അംഗങ്ങളെയും മുതിർന്ന നേതാക്കളെയും കാണും. ഈ കൂടിക്കാഴ്ചയിൽ ലഭിക്കുന്ന നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് എഐസിസി നേതൃത്വങ്ങളുമായി ചർച്ച നടത്തിയ ശേഷമാകും ഏതെങ്കിലും തരത്തിലെ നടപടികൾ അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുക.
ആഴത്തിലുള്ള തോൽവിയുടെ വിവിധ തലങ്ങളിലെ ചർച്ചകളുടെ തുടർച്ചയാണ് ഹൈക്കമാൻഡ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടക്കുന്നത്. എഐസിസി സെക്രട്ടറിമാരായ പി വിശ്വനാഥൻ, പി വി മോഹനൻ, ഐവാൻ ഡിസൂസ എന്നിവർ നാളത്തെ കൂടിക്കാഴ്ചകൾക്ക് ശേഷം വരും ദിവസങ്ങളിൽ ജില്ലകളിൽ പര്യടനം നടത്തും. എല്ലാ ചർച്ചകളും അന്വഷണങ്ങളും മുന്നിൽ വച്ച് അടുത്ത മാസം 6,7 തീയതികളിൽ വിശാലമായ യോഗം ചേരും. കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗങ്ങളും എംപിമാർ എംഎൽഎ മാർ ഡിസിസി അധ്യക്ഷൻമാർ എന്നിവർ പങ്കെടുക്കും.