കാസര്‍കോട്: അബ്ദുള്‍ ഔഫ് റഹ്മാന് വധക്കേസിലെ ഒന്നാം പ്രതിയായ യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ സെക്രട്ടറി ഇര്‍ഷാദിനെ തല്‍സ്ഥാനത്ത് നിന്ന് സസ്പെന്റ് ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസാണ് വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യമറിയിച്ചത്. കൊലപാതകത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നും യൂത്ത് ലീഡ് ആവശ്യപ്പെട്ടു.
ഇര്‍ഷാദ് അടക്കം കൊലയാളി സംഘത്തിലെ മൂന്ന് പേരെ നേരത്തെ കൊല്ലപ്പെട്ട റൗഫിന്റെ സുഹൃത്തും കേസിലെ മുഖ്യസാക്ഷിയുമായ ശുഹൈബ് തിരിച്ചറിഞ്ഞിരുന്നു. മുണ്ടത്തോട് സ്വദേശി ഹാഷിര്‍, എംഎസ്എഫ് നേതാവ് ഫസല്‍ എന്നിവരും കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടവരാണ്. ഇവരെ നേരത്തെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊലയാളി സംഘത്തില്‍ നാല് പേരുണ്ടെന്നാണ് പൊലീസ് പറയുന്നത്.
കാഞ്ഞങ്ങാട് അബ്ദുള്‍ ഔഫ് റഹ്മാന്റെ കൊലപാതകം രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്നെന്ന് സ്ഥിരീകരിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. ഔഫിനെ കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനിയായ യൂത്ത് ലീഗ് പ്രവര്ത്തകന് ഇര്‍ഷാദിനെ അറസ്റ്റ് ചെയ്തതായും കാസര്‍കോട് എസ്.പി ഡി.ശില്പ അറിയിച്ചു. കേസിന്റെ തുടര്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതായി പൊലീസ് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് പ്രദേശത്ത് യൂത്ത് ലീഗ്- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന് തുടര്‍ച്ചയായിട്ടാണ് ഔഫ് കൊല്ലപ്പെട്ടതെന്നും കാസര്‍കോട് എസ്.പി പറഞ്ഞു. കേസിലെ മുഖ്യപ്രതിയായ ഇര്‍ഷാദ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇര്‍ഷാദിനെ ഉടനെ പൊലീസ് നിരീക്ഷണത്തില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.