ഓണത്തിന് നടത്തിയ അതേ പ്രഖ്യാപനവുമായി ക്രിസ്മസിനും എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി: രമേശ് ചെന്നിത്തല
തിരുവനന്തപുരം : കഴിഞ്ഞ ഓണത്തിന് ജനങ്ങളെ പറ്റിക്കാന്‍ നടത്തിയ അതേ പ്രഖ്യാപനവുമായി ഈ ക്രിസ്മസിനും എത്തിയിരിക്കുകയാണ് കേരള മുഖ്യമന്ത്രി എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഓണക്കാലത്ത് പ്രഖ്യാപിച്ച നൂറുദിന കര്മപരിപാടികളില് മിക്കവയും ഇനിയും നടപ്പാക്കിയിട്ടില്ല. അരലക്ഷം പേര്‍ക്ക് തൊഴില്‍, അഞ്ച് ലക്ഷം കുട്ടികള്‍ക്ക് ലാപ്ടോപ്പ്, കയര്‍ മേഖലയില്‍ ഓരോ ദിവസവും ഓരോ യന്ത്രവല്‍കൃത ഫാക്ടറികള്‍, രണ്ടാം കുട്ടനാട് പാക്കേജ്, ഒന്നരലക്ഷം കുടിവെള്ള കണക്ഷനുകള്‍ തുടങ്ങിയ മോഹന വാഗ്ദാനങ്ങളാണ് പഴയ നൂറുദിനകര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അന്ന് പ്രഖ്യാപിച്ച നൂറുദിന പദ്ധതികളെല്ലാം നടപ്പാക്കികഴിഞ്ഞെന്നത് സര്‍ക്കാരിന്റെ പൊള്ളയായ അവകാശവാദം മാത്രമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ആരെ കബളിപ്പിക്കാനാണ് വീണ്ടും 50000 തൊഴില്‍ എന്ന വാഗ്ദാനം മുന്നോട്ട് വയ്ക്കുന്നത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പോലും നിയമനം നല്‍കാതെ പി.എസ്.സിയുടെ ലിസ്റ്റുകള്‍ കൂട്ടത്തോടെ റദ്ദാക്കിയ ശേഷം പിന്‍വാതില്‍ വഴി ഇഷ്ടക്കാരെയും, സ്വന്തക്കാരെയും തിരുകി കയറ്റിയ സര്‍ക്കാരാണ് ഇപ്പോള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ വീണ്ടും വീരവാദം മുഴക്കുന്നത് എന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
നടപ്പാക്കാത്ത പദ്ധതികളുടെ ഘോഷയാത്രയായിരുന്നു ഈ സര്‍ക്കാരിന്റെ കഴിഞ്ഞ ബജറ്റുകളെല്ലാം. വലിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയും, അത് നടപ്പാക്കാതെ ജനങ്ങളെ കബളിപ്പിക്കുയും ചെയ്യുന്നതാണ് ഈ സര്‍ക്കാരിന്റെ ശൈലി. 2000 കോടി രൂപയുടെ തീരദേശ പാക്കേജ്, 5000 കോടി രൂപയുടെ ഇടുക്കി പാക്കേജ്, 2000 കോടി രൂപയുടെ വയനാട് പാക്കേജ്, 1000 കോടി രൂപയുടെ കുട്ടനാട് പാക്കേജ് തുടങ്ങിയവയെല്ലാം പ്രഖ്യാപനങ്ങളില്‍ ഒതുങ്ങി. സമാനമായ തട്ടിപ്പാണ് പുതിയ 100 ദിന കര്‍മ്മ പരിപാടി എന്ന പേരില്‍ നടത്തിയ പ്രഖ്യാപനം എന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.