തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തില്‍ ഇന്നലെ രാത്രി തീപിടുത്തമുണ്ടായ ഷോപ്പിംഗ് കോപ്ലക്സില്‍ അഗ്നിശമനാ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചില്ലെന്ന് ഫയര്‍ഫോഴ്സ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിന് നോട്ടീസ് നല്‍കാനാണ് ഫയര്‍ഫോഴ്സിന്റെ തീരുമാനം. ഒരു കോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.
തീപടര്‍ന്നപ്പോള്‍ തന്നെ അഗ്നിശമനാ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ജീവനകാര്ക്കായില്ല. വെള്ളം തളിക്കുന്ന ഉപകരണം അടഞ്ഞ നിലയിലുമായിരുന്നു. ഇത് തീ മുകള്‍ നിലയിലേക്കും താഴത്തെ നിലയിലേക്കും പടരാന്‍ ഇടയാക്കി. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ദിയാന്‍ബി ഷോറൂം ഉടമകള്‍ക്ക് ഫയര്‍ഫോഴ്സ് നോട്ടീസ് നല്‍കുക.
ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് വഴുതക്കാട് കലാഭവന്‍ തീയറ്ററിന് സമീപമുള്ള ദിയാന്‍ബി കെട്ടിടത്തിന് തീപിടിച്ചത്. നാല് മണിക്കൂറിലേറെ സമയമെടുത്തായിരുന്നു ഫയര്‍ഫോഴ്സ് തീ അണച്ചത്. ഭൂഗര്‍ഭനിലയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എംസി സൂപ്പര്‍മാര്‍ക്കറ്റിലാണ് ആദ്യം പുക കണ്ടത്. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് കെട്ടിടത്തിന്റെ മുന്‍വശത്തുള്ള ചില്ല് തകര്‍ത്ത് അകത്തുകയറി തീയണക്കുകയായിരുന്നു.