മോഹന്‍ ഭാഗവത് കേരളത്തിലേക്ക്; ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും
തിരുവനന്തപുരം: ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് ഈ മാസം 29 ന് കേരളത്തിലെത്തും. ആര്.എസ്.എസിന്റെ പ്രസിദ്ധീകരണമായ കേസരിയുടെ നേതൃത്വത്തില്‍ കോഴിക്കോട് തുടങ്ങുന്ന മാധ്യമ പഠന ഗവേഷണ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനാണ് മോഹന്‍ ഭാഗവത് എത്തുന്നത്.
ഡിസംബര്‍ 31 ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി മോഹന്‍ ഭാഗവത് കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരത്ത് വെച്ചായിരിക്കും കൂടിക്കാഴ്ച.
തിരുവനന്തപുരത്ത് 30ന് ആര്.എസ്.എസ് യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. 41 പേരാണ് ഈ പരിപാടിയ്ക്കുള്ളത്.
31ന് രാത്രിയില്‍ നാഗ്പൂരിലേക്ക് മടങ്ങും.
നേരത്തെ കാര്‍ഷിക നിയമത്തിനെതിരെ നിയമസഭ വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാരിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആര്.എസ്.എസ് മേധാവി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുന്നതെന്നും ശ്രദ്ധേയമാണ്.
അതേസമയം കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം കൊണ്ടു വരുന്നതിനായി പ്രത്യേക നിയമസഭ ചേരുമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. ഡിസംബര്‍ 31ന് ചേരാനാണ് തീരുമാനം.
സഭ സമ്മേളിക്കുന്നത് സംബന്ധിച്ച് ഗവര്‍ണര്‍ക്ക് വീണ്ടും ശുപാര്‍ശ നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
നേരത്തെ പ്രത്യേക നിയമസഭ ചേരാന്‍ സര്‍ക്കാര്‍ നല്കിയ ശുപാര്‍ശ ഗവര്‍ണര്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെ സഭ ചേരേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രത്യേക നിയമസഭ ചേരേണ്ടതിന്റെ അടിയന്തര സാഹചര്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ കത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്കിയ മറുപടി.
നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച നടപടി ഭരണഘടനയ്ക്ക് നിരക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്തയച്ചത്. നിയമസഭ വിളിക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഇല്ലെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സഭ ചേരാന്‍ അനുവദിക്കാതിരുന്ന ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംയുക്ത കര്‍ഷക സമിതി നടത്തുന്ന സമരത്തിന്റെ ഭാഗമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കാന്‍ ഒരു മണിക്കൂര്‍ നിയമസഭ കൂടാനുള്ള ശുപാര്‍ശയാണ് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം തള്ളിയത്. ഇതിന് പിന്നാലെ സര്‍ക്കാരും പ്രതിപക്ഷവും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.