‘പുലിയല്ല, 2021ല്‍ പുപ്പുലിയാണ്’; കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് മന്ത്രി കെ ടി ജലീല്‍, ലീഗിലെ കൂട്ടുകച്ചവട കരാർ പുറത്തായെന്നും
മലപ്പുറം: പി.കെ. കുഞ്ഞാലിക്കുട്ടിക്കും മുസ്ലിം ലീഗിനുമെതിരെ വീണ്ടും പരിഹാസവുമായി മന്ത്രി കെ.ടി. ജലീല്‍. 2006ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ലീഗ് അണികള്‍ക്ക് കുഞ്ഞാലിക്കുട്ടി പുലിയായിരുന്നു. എന്നാല്‍, അന്ന് കുറ്റിപ്പുറത്ത് അദ്ദേഹം അടിതെറ്റി കെണിയില്‍ വീണു. വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അണികള്‍ക്ക് കുഞ്ഞാലിക്കുട്ടി പുലിയല്ല, പുപ്പുലിയാണെന്ന് മന്ത്രി ജലീല്‍ ഫേസ്ബുക് പോസ്റ്റില്‍ പരിഹസിച്ചു.
കുഞ്ഞാലിക്കുട്ടിയും മുനീറും മജീദും നടത്തിയ കൂട്ടുകച്ചവട കരാറാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കുഞ്ഞാപ്പ മലപ്പുറത്ത്, മജീദിന് വേങ്ങര, മുനീര്‍ തിരൂരങ്ങാടിയില്‍. ഭരണം കിട്ടിയാല്‍ കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രി, മുനീറും മജീദും വഹാബും മന്ത്രിമാര്‍. സാധാരണ പാണക്കാട് തങ്ങന്മാരുടെ സാന്നിദ്ധ്യത്തിലാണ് ലീഗിന്റെ രാഷ്ട്രീയ തീരുമാനങ്ങള്‍ പ്രഖ്യാപിക്കാറ്. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. പടച്ചവനെ പേടിയുള്ളത് കൊണ്ടാകാം ഹൈദരലി തങ്ങളും സാദിഖലി തങ്ങളും ആ സാഹസത്തിന് മുതിരാതിരുന്നതെന്നും ജലീല്‍ പറഞ്ഞു.
മന്ത്രി കെ.ടി. ജലീലിന്റെ കുറിപ്പ് വായിക്കാം…
പുലിയല്ല, പുപ്പുലിയാണ്
2006 ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയുടെ ചിത്രസഹിതം മലപ്പുറത്തെങ്ങും ഉയന്നുകണ്ട ഒരു ഫ്ലക്സ് ബോഡുണ്ട്: ‘യെവന് പുലിയാണ് കെട്ടാ’. അന്ന് അന്തമില്ലാത്ത ലീഗണികള്‍ക്ക് കുഞ്ഞാപ്പ പുലിയായിരുന്നു. വരാന്‍പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അത്തരക്കാര്‍ക്ക് അദ്ദേഹം പുലിയല്ല, പുപ്പുലിയാകുമെന്നുറപ്പ്.
കുഞ്ഞാപ്പ പുലിയായ 2006 ലെ തെരഞ്ഞെടുപ്പിലാണ് കുറ്റിപ്പുറത്ത് അദ്ദേഹം അടിതെറ്റി കെണിയില്‍ വീണത്. ‘അഹമ്മതി'(പോക്കിരിത്തരം) കൂടിയപ്പോള്‍ സമുദായം കൊടുത്ത ഷോക്ക് ട്രീറ്റ്മെന്റ്. രണ്ടക്കം തികക്കാനാകാതെ നിയമസഭയില്‍ അന്ന് ലീഗ് നാണംകെട്ടത് നേതാക്കന്മാര് ഇത്ര പെട്ടന്ന് മറന്നോ?
കുഞ്ഞാലിക്കുട്ടിയും മുനീറും മജീദും നടത്തിയ കൂട്ടുകച്ചവട കരാറാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കുഞ്ഞാപ്പ മലപ്പുറത്ത്, മജീദിന് വേങ്ങര, മുനീര്‍ തിരൂരങ്ങാടിയില്‍. ഭരണം കിട്ടിയാല്‍ കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രി, മുനീറും മജീദും വഹാബും മന്ത്രിമാര്‍. സാധാരണ പാണക്കാട് തങ്ങന്മാരുടെ സാന്നിദ്ധ്യത്തിലാണ് ലീഗിന്റെ രാഷ്ട്രീയ തീരുമാനങ്ങള്‍ പ്രഖ്യാപിക്കാറ്. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. പടച്ചവനെ പേടിയുള്ളത് കൊണ്ടാകാം ഹൈദരലി തങ്ങളും സാദിഖലി തങ്ങളും ആ സാഹസത്തിന് മുതിരാതിരുന്നത്. പടച്ചവനെയും നാട്ടുകാരെയും പേടിയില്ലാത്തവര്‍ക്ക് എന്തുമാകാമല്ലോ?
‘ആഗ്രഹങ്ങള്‍ കുതിരകളായിരുന്നെങ്കില്‍ ഭിക്ഷാംദേഹികള്‍ പോലും സവാരി ചെയ്തേനെ’ എന്ന പഴമൊഴി അക്ഷരാര്‍ത്ഥത്തില്‍ ലീഗില്‍ അന്വര്‍ത്ഥമാവുകയാണ്. മൂന്ന് തവണ ജനപ്രതിനിധികളായ പ്രാദേശിക നേതാക്കള്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്‍സര നിരോധം ഏര്‍പ്പെടുത്തുകയും, കര്‍ശനമായി അത് നടപ്പിലാക്കുകയും ചെയ്ത അതേ ലീഗ് നേതൃത്വം തന്നെയാണ്, പാര്‍ട്ടിയിലെ വമ്പന്മാരായ വരേണ്യര്‍ക്ക് ‘ഓണം ബമ്പര്‍’ പ്രഖ്യാപിച്ചിരിക്കുന്നത്. അവനവന്റെ കാര്യത്തിന് ഉലക്ക ചരിച്ചിടുന്നത് തെറ്റാണെന്ന് പറയുന്നതാണല്ലോ ലീഗ് രാഷ്ട്രീയത്തില്‍ എന്നും തെറ്റ് !
ലീഗിലെ ജീര്‍ണ്ണതകളെ പരിഹാസവും വിമര്‍ശനവും ചേര്‍ത്ത് രൂക്ഷമായി എതിര്‍ക്കാറുള്ള ‘മാധ്യമ’ത്തെയും ‘മീഡിയവണ്ണി’നെയും നിശബ്ദമാക്കാനുളള കുഞ്ഞാപ്പയുടെ തന്ത്രമായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ലീഗിന്റെ ‘രാഷട്രീയസംബന്ധ’മെന്ന് അക്ഷരം കൂട്ടിവായിക്കാനറിയുന്നവര്‍ അന്നേ അടക്കം പറഞ്ഞിരുന്നു. ഇരുഭാഗത്തുമുള്ള നിഷ്കളങ്കര്‍ക്ക് ഇനിയുമത് ബോധ്യമായിട്ടില്ലെങ്കില്‍ ഇന്നത്തെ മാധ്യമം പത്രത്തിലെ തത്സംബന്ധമായ വാര്‍ത്തകളും ചിത്രങ്ങളും ശ്രദ്ധിച്ചാല്‍മതി.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാപ്പ പുപ്പുലിയാകുമ്പോള്‍, നഷ്ടം മുസ്ലിംലീഗ് പാര്‍ട്ടിക്കു മാത്രമാവില്ല, ഡഉഎ ന് മൊത്തത്തിലാകും. മലപ്പുറത്തിന് പുറത്ത് ലീഗ് വട്ടപൂജ്യമാകുമെന്ന് ചുരുക്കം. മുസ്ലിംലീഗിന്റെ കുഞ്ചിരാമന്‍ കളിക്ക് മലപ്പുറത്ത് പോലും ആളെക്കിട്ടുമോ എന്ന് കണ്ടറിയണം. ഇപ്പോഴല്ല, പണ്ട് സലാഹുദ്ദീന് ഉവൈസിയുടെ ഇത്തിഹാദുല്‍ മുസ്ലിമീന് ‘ഹൈദരബാദ്’ പാര്‍ട്ടിയായി അറിയപ്പെട്ടതുപോലെ ‘മലപ്പുറം’ പാര്‍ട്ടിയായി വരുംകാല ചരിത്രത്തില്‍ ലീഗും ഇടംനേടും.’വിനാശ കാലേ വിപരീത ബുദ്ധി’ എന്നല്ലാതെ മറ്റെന്തു പറയാന്‍!