ഭാര്യയെ വിധവയാക്കും’; കോഴിക്കോട് മുക്കത്ത് ഇടതിന് പിന്തുണ പ്രഖ്യാപിച്ച ലീഗ് വിമതന് വധഭീഷണി
കോഴിക്കോട്: മുക്കം നഗരസഭയിൽ ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച ലീഗ് വിമതന് വധഭീഷണി. ലീഗ് വിമതനായ അബ്ദുള്‍ മജീദിനാണ് വാട്സാപ്പിലൂടെ ശബ്ദ സന്ദേശമായി വധ ഭീഷണിയെത്തിയത്.
ഭാര്യയെ വിധവയാക്കുമെന്നാണ് ഭീഷണിയില്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് മുക്കത്ത് ഇടതുപക്ഷത്തിന് മജീദ് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ മുന്സിപാലിറ്റിയില് ഇടതുപക്ഷം ഭരണം ഉറപ്പാക്കുകയായിരുന്നു.
മജീദിന്റെ ആവശ്യങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കാമെന്ന് ഇടതുമുന്നണി ഉറപ്പുകൊടുത്തതോടെയാണ് പിന്തുണ പ്രഖ്യാപിച്ചത്. ആവശ്യങ്ങള്‍ പാലിക്കാതെ വന്നാല്‍ പിന്തുണ പിന്‍വലിക്കുമെന്നാണ് മജീദിന്റെ നിലപാട്.
യു.ഡി.എഫ്-വെല്‍ഫെയര്‍ പാര്‍ട്ടി കൂട്ടുകെട്ട് കൊണ്ട് ശ്രദ്ധേയമായ മുന്‍സിപ്പാലിറ്റിയാണ് മുക്കം. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത 33 അംഗ നഗരസഭയില്‍ ഇടത്-വലതു മുന്നണികള്‍ക്ക് 15 സീറ്റുകള്‍ വീതവും ബി.ജെ.പിക്ക് രണ്ടു സീറ്റുമാണ് ഉള്ളത്.
മജീദടക്കം നാലുപേരാണ് ലീഗ് വിമതരായി മുക്കത്ത് മത്സരിച്ചത്.അതേസമയം ലീഗ് തന്നെ തിരിച്ചെടുത്താല്‍ അപ്പോള്‍ എന്തു നടപടി സ്വീകരിക്കണമെന്ന് ആലോചിക്കുമെന്ന് മജീദ് പറഞ്ഞിരുന്നു.