വര്‍ക്കല: ലക്ഷങ്ങളുടെ കളളനോട്ടുമായി പിടിയിലായ ചാരിറ്റി പ്രവര്‍ത്തകനായ ആഷിക് തോന്നയ്ക്കല്‍ വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതി. എട്ടുലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി ആഷിക് ഉള്‍പ്പടെയുളള മൂന്ന് യുവാക്കളെ കഴിഞ്ഞദിവസമാണ് വര്‍ക്കല പൊലീസ് അറസ്റ്റുചെയ്തത്. മഷി, ഹോളോഗ്രാം, പേപ്പര്‍, സീല്‍ എന്നിവ ഉള്‍പ്പെടെ എട്ടുലക്ഷത്തോളം രൂപയുടെ വ്യാജ കറന്‍സികളും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. വര്‍ക്കല പാപനാശം ടൂറിസം മേഖലയിലെ ചില കച്ചവട സ്ഥാപനങ്ങളില്‍ 2000 രൂപയുടെ കള്ളനോട്ടുകള്‍ പ്രചരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ റിസോര്‍ട്ടിലുള്ള രണ്ടുപേര്‍ കള്ളനോട്ടുകള്‍ വിതരണം ചെയ്യുന്നതായി കണ്ടെത്തി. ഇവിടെയുണ്ടായിരുന്ന മുഹമ്മദ് ഹനീഫ, അച്ചു എന്നിവരില്‍ നിന്നുമാണ് 2000 രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തത്.
തോന്നയ്ക്കല്‍ പാട്ടത്തില്‍ മുറിയില്‍ ആബിദ മന്‍സിലില്‍ നിന്ന് തിരുവനന്തപുരം കാട്ടായിക്കോണം മേലേവിള വിജയാനിവാസില്‍ വാടകയ്ക്ക് താമസിക്കുന്ന ആഷിക് തോന്നയ്ക്കല്‍ എന്ന ആഷിക് ഹുസൈന് (35), മേല്‍ തോന്നയ്ക്കല്‍ കൊയ്ത്തുര്‍ക്കോണം കുന്നുകാട് ഷംനാദ് മന്‍സിലില്‍ നിന്നും വര്‍ക്കല രാമന്തളി സബീന മന്‍സിലില്‍ താമസിക്കുന്ന മമ്മു എന്ന മുഹമ്മദ് ഹനീഫ (23), അയിരൂര്‍ വില്ലി കടവ് പാലത്തിനുസമീപം ശ്രീനിലയം വീട്ടില്‍ അച്ചു എന്ന അച്ചു ശ്രീകുമാര്‍ (20) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ഇവര്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധയിടങ്ങളില്‍ 2000, 500, 200, 100 രൂപകളുടെ കള്ളനോട്ടുകള്‍ വിതരണം നടത്തി വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കള്ളനോട്ട് നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന ആഷിക് തോന്നയ്ക്കലിനെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് ആഷിക്കിന്റെ കാട്ടായിക്കോണം വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വ്യാജനോട്ടുകളും നോട്ട് നിര്‍മ്മിക്കാനുള്ള സാധനസാമഗ്രികളും കണ്ടെത്തിയത്. 40,000 രൂപയ്ക്ക് ഒരു ലക്ഷം രൂപയുടെ കള്ളനോട്ട് എന്ന നിലയ്ക്കാണ് പ്രതികള്‍ വിനിമയം നടത്തി വന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു.
മംഗലാപുരം, ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷന് പരിധികളില്‍ വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ആഷിക്. സമൂഹമാദ്ധ്യമങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തകനായി അറിയപ്പെടുന്ന ആഷിക് നിരവധിയാളുകള്‍ക്ക് വ്യാജനോട്ടുകള്‍ കൈമാറിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ മുഹമ്മദ് ഹനീഫ, അച്ചു എന്നിവര്‍ക്കെതിരെ വര്‍ക്കല, അയിരൂര്‍ സ്റ്റേഷനുകളില്‍ മോഷണത്തിനും കഞ്ചാവ് കടത്തിനും കേസുകള്‍ നിലവിലുണ്ട്. അറസ്റ്റു ചെയ്ത പ്രതികളെ റിമാന്‍ഡ് ചെയ്തു.