മുസ്ലീം ലീഗ് കൊലക്കത്തി താഴെവെക്കണം , അക്രമം അവസാനിപ്പിക്കണം , മുന്നറിയിപ്പുമായി സിപിഐ എം സെക്രട്ടേറിയറ്റ്
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി സഹിക്കാനാകാത്ത മുസ്ലീംലീഗ് അക്രമത്തിലേക്ക് നീങ്ങുകയാണെന്നും പരമ്പരാഗത ശക്തിമേഖയില്‍ ലീഗിനേറ്റ പരാജയമാണ് കൊലക്കത്തി കയ്യിലെടുക്കാന്‍ ലീഗിനെ നിര്‍ബന്ധിതമാക്കിയതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് പഴയ കടപ്പുറത്ത് ഡിവൈഎഫ്ഐ പ്രവര്ത്തകന് ഔഫ് അബ്ദുറഹ്മാനെ മുസ്ലീം ലീഗുകാര്‍ നിഷ്ഠൂരമായി കൊലപ്പെടുത്തിയതിനെ സിപിഐ എം ശക്തമായി അപലപിച്ചു.
ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ പോകുകയായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകനെയാണ് കൊലപ്പെടുത്തിയത്. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുകയെന്ന ലക്ഷ്യവും ഇതിനുണ്ട്. തെരഞ്ഞെടുപ്പ് പരാജയത്തെതുടര്‍ന്ന് കാഞ്ഞങ്ങാട് സ്ത്രീകളെ ഉള്‍പ്പെടെ ലീഗുകാര്‍ ആക്രമിച്ചിരുന്നു.
കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ ആറാമത്തെ പാര്‍ടി പ്രവര്‍ത്തകനെയാണ് അക്രമിസംഘം കൊലപ്പെടുത്തുന്നത്. സിപിഐ എംനെ അക്രമിച്ച് കീഴ്പ്പെടുത്താനാവില്ല എന്നത് ചരിത്ര വസ്തുതയാണ്.ലീഗിന് സമനിലതെറ്റിയാല്‍ അക്രമവും കൊലയും എന്ന നിലപാട് ആ പാര്‍ടി അവസാനിപ്പിക്കണം. ഈ അക്രമ പരമ്പരകള്‍ക്കെതിരെ കേരളീയ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം.
ഔഫിന്റെ കൊലയാളികളെ ഒറ്റപ്പെടുത്താന്‍ എല്ലാവരും തയ്യാറാകണം. സംയമനം പാലിച്ച് കടുത്ത പ്രതിഷേധം എല്ലാവരും ഉയര്‍ത്തണം.