സർക്കാർ -ഗവർണർ പോര് മുറുകി,കർഷക സമരം മുഖ്യമന്ത്രിയുടെ അധികാരപരിധിയിലുള്ളതല്ല, സര്‍ക്കാരിന്റെ എല്ലാ തീരുമാനങ്ങളും എന്നെ അറിയിച്ചിരിക്കണം:ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: ഡല്‍ഹി കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ അനുമതി നിഷേധിച്ചതിന് പിന്നാലെ, മുഖ്യമന്ത്രി നല്കിയ കത്തിന് രൂക്ഷമായ ഭാഷയില്‍ മറുപടി നല്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ എട്ടിന് നിയമസഭാസമ്മേളനം ചേരാനിരിക്കെ, ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിന്റെ തലത്തിലേക്ക് കാര്യങ്ങളെത്തുന്നത് അന്തരീക്ഷത്തിന്റെ പിരിമുറുക്കം കൂട്ടുന്നു. അനുമതി നിഷേധിച്ച ശേഷം മുഖ്യമന്ത്രി തനിക്ക് രഹസ്യസ്വഭാവത്തോടെ അയച്ച കത്ത് താന്‍ പൊട്ടിച്ചുവായിക്കുമ്പോള്‍ തന്നെ കൈരളി ചാനലിലെ വാര്‍ത്താ അവതാരകന് വായിക്കുന്നത് കണ്ട് വേദനിച്ചെന്ന ‘കുത്തും’ ഗവര്‍ണര്‍ നല്കി. ‘ഒരാളുടെ പ്രവൃത്തിയില്‍ എന്ത് കുറവുണ്ടെങ്കിലും മറ്റൊരാളുടേതിനേക്കാള്‍ നല്ല നിലയില്‍ പ്രകടിപ്പിച്ചാലത് മികച്ചതാണ്, മറ്റൊരാളിന്റെ ഭയം നിറഞ്ഞ കടമയേക്കാള്‍ ഒരാള്‍ തന്റെ കടമയിലേര്പ്പെട്ടിരിക്കുമ്പോഴുള്ള മരണം മികച്ചതാണ്’ എന്ന ഭഗവദ്ഗീതയിലെ വരികളും ഗവര്‍ണര്‍ കത്തില്‍ ഉദ്ധരിച്ചു.സജീവരാഷ്ട്രീയക്കാരനായ മുഖ്യമന്ത്രിയുടെ പ്രധാന കടമ സര്‍ക്കാരിനെ നയിക്കുകയെന്നതാണെങ്കില്‍ ഗവര്‍ണറെന്ന നിലയില്‍ തന്റെ കടമ സര്‍ക്കാരിന്റെ പ്രവര്‍ത്തനം നാട്ടിലെ നിയമത്തിനനുസരിച്ചാണെന്ന് ഉറപ്പാക്കലാണെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാമെങ്കിലും രാജ്യത്തെ സേവിക്കുകയെന്നതാണ് നമ്മുടെയെല്ലാം അന്തിമലക്ഷ്യം. അടിയന്തരമായി സഭ ചേരാനുള്ള സാഹചര്യം താങ്കള്‍ക്ക് വിശദീകരിക്കാനാവാത്ത സാഹചര്യത്തിലാണ് അനുമതി നിഷേധിച്ചത്. ഭരണഘടനാപരമായ പ്രശ്നങ്ങളൊന്നും അതിലില്ല. മന്ത്രിസഭയുടെ ശുപാര്‍ശപ്രകാരം നിയമസഭ വിളിച്ചുചേര്‍ക്കണം. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി താനാ ചുമതലയില്‍ നിന്ന് വ്യതിചലിച്ചിട്ടില്ല. ഇപ്പോഴും ജനുവരി എട്ടിന് സഭ ചേരാനാവശ്യപ്പെട്ട് 18ന് നല്കിയ കത്തിന് 21ന് ഉച്ചയ്ക്ക് അനുമതിയും നല്കി. ഇപ്പോള്‍ 24 മണിക്കൂറിനുള്ളില്‍ സമ്മേളനം വിളിക്കാനാവശ്യപ്പെപ്പോള് 15 ദിവസത്തെ മുന്‍കൂര്‍ നോട്ടീസെന്ന ചട്ടത്തില്‍ നിന്ന് വ്യതിചലനമുണ്ടായി. അപ്പോള്‍ അടിയന്തരസാഹചര്യമെന്തെന്ന് അന്വേഷിക്കേണ്ട ബാദ്ധ്യത തനിക്കുണ്ട്. കര്‍ഷകസമൂഹത്തിന് ചില പ്രശ്നങ്ങളുണ്ടെന്നും അത് പൊതുതാല്പര്യമുള്ളതാണെന്നുമാണ് താങ്കളുടെ മറുപടി. 18നും 21നുമിടയ്ക്ക് താന്‍ കാണാത്ത എന്തെങ്കിലും അടിയന്തര സംഭവമുണ്ടായെങ്കില്‍ അതില്‍ സര്‍ക്കാരെന്ത് നടപടിയെടുത്തുവെന്ന് കൂടി തനിക്കറിയണം. അതിന്റെ കാരണങ്ങള്‍ ചോദിച്ചപ്പോള്‍ ഡല്‍ഹിയിലെ സമരത്തിന്റെ കാരണം പറഞ്ഞു. അത് മുഖ്യമന്ത്രിയുടെ അധികാരപരിധിയില്‍ വരുന്നതല്ല. ഇവിടെ പരിഹാരം നല്കാനുമില്ല. അടിയന്തര സാഹചര്യം ഉടലെടുക്കാനുള്ള കാരണങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങളെ താങ്കള്‍ അവഗണിച്ചു. ഇതിലൊന്നും താന്‍ ഭരണഘടനാപ്രശ്നം ഉയര്‍ത്തിയിരുന്നില്ല. താനെന്നും ഭരണഘടനാപരമായാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്.അടുത്തിടെ താങ്കള്‍ പൊലീസ് ഭേദഗതി ഓര്‍ഡിനന്‍സ് ഒപ്പിടാനാവശ്യപ്പെപ്പോള് മൂന്നാഴ്ചയോളം പിടിച്ചുവച്ചു. അത് പുന:പരിശോധിക്കുമെന്ന് കരുതിയെങ്കിലും ഉണ്ടായില്ല. ഒടുവില്‍ ഒപ്പിട്ടു. പൊതുജനപ്രതിഷേധമുയര്ന്നപ്പോള് ഒരാഴ്ചയ്ക്കകം താങ്കള്‍ക്കത് പിന്‍വലിക്കേണ്ടി വന്നു. തദ്ദേശവാര്‍ഡ് വിഭജന ഓര്‍ഡിനന്‍സിലും ഒപ്പിട്ടു. മുഖ്യമന്ത്രിയെന്ന നിലയില്‍ സര്‍ക്കാരിന്റെ എല്ലാ തീരുമാനങ്ങളും ഗവര്‍ണറെ അറിയിക്കേണ്ടത് ഭരണഘടനാപരമായ കര്‍ത്തവ്യമാണ്. എന്നാല്‍ താനാവശ്യപ്പെടുമ്പോള് മാത്രമാണ് താങ്കള്‍ വിവരങ്ങള്‍ നല്‍കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി താങ്കളും താങ്കളുടെ മന്ത്രിമാരും നടത്തുന്ന നല്ല പ്രവര്‍ത്തനങ്ങളെ ഒരുപാട് തവണ താന്‍ അഭിനന്ദിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.