നിയമസഭ തെരഞ്ഞെടുപ്പ്; ശോഭാ സുരേന്ദ്രന് പകരം പാലക്കാട് കെ.പി ശശികല; ശോഭയെ കാട്ടാക്കടയിലേക്ക് മാറ്റും; ഒതുക്കാനുള്ള നീക്കമെന്ന് നേതാക്കള്‍
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനെ കാട്ടാകടയിലേക്ക് മാറ്റാന്‍ നീക്കം.ശോഭയ്ക്ക് പകരം ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികലയെ പാലക്കാട് മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കാനാണ് തീരുമാനം.
അതേസമയം സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞു നില്ക്കുന്ന ശോഭയെ ഒതുക്കുന്നതിനാണ് കാട്ടാകടയിലേക്ക് മാറ്റുന്നതെന്നാണ് ശോഭ സുരേന്ദ്രനെ അനുകൂലിക്കുന്ന നേതാക്കള്‍ വിലയിരുത്തുന്നത്.
2016 ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രന് പാലക്കാട് നിയമസഭ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. നിലവില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് മുന്‍സിപാലിറ്റി ബി.ജെ.പിക്ക് ഭരിക്കാന്‍ ലഭിച്ചതോടെ ബി.ജെ.പി വിജയ സാധ്യത കല്‍പ്പിക്കുന്ന മണ്ഡലമായി പാലക്കാട് മാറിയിരുന്നു.
2014 നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രന് പാലക്കാട് ആയിരുന്നു മത്സരിച്ചത്. 2011 ല്‍ മൂന്നാം സ്ഥാനത്ത് നിന്നിരുന്ന ബി.ജെ.പിയെ രണ്ടാം സ്ഥാനത്ത് എത്തിച്ചത് ശോഭ സുരേന്ദ്രന് ആയിരുന്നു.
എന്നാല്‍ ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രനെ ആറ്റിങ്ങല്‍ മണ്ഡലത്തിലേക്ക് ആണ് പരിഗണിച്ചത്. ഇതിനിടെയാണ് 2021 ല്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ശോഭയെ കാട്ടാകടയിലേക്ക് മാറ്റാനുള്ള തീരുമാനം.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.കെ കൃഷ്ണദാസ് ആയിരുന്നു ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി. ഇവിടെ മൂന്നാം സ്ഥാനത്ത് ആയിരുന്നു ബി.ജെ.പി. വിജയ സാധ്യത തീരെ ഇല്ലാത്ത ഒരിടത്തേക്ക് ശോഭയെ മാറ്റുന്നത് നിലവിലെ ബി.ജെ.പിയിലെ തര്‍ക്കം ഒന്നുകൂടി മുറുക്കും.
കെ.സുരേന്ദ്രന് ബി.ജെ.പി അധ്യക്ഷ സ്ഥാനത്ത് എത്തിയത് മുതല്‍ നേതൃത്വവുമായി ശോഭ സുരേന്ദ്രന് ഇടഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തില്‍ നിന്ന് ശോഭ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പ്രതിക്ഷിച്ച നേട്ടം ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. കെ.സുരേന്ദ്രന്റെ നേതൃത്വം പരാജയമാണെന്നും പാര്‍ട്ടിയിലെ വിമതര്‍ ആരോപിച്ചിരുന്നു.
സ്ഥിതിഗതികള്‍ അനുകൂലമായിട്ടായിരുന്നു ബി.ജെ.പി കേന്ദ്ര നേതൃതം വിലയിരുത്തിയത്. സംസ്ഥാന സര്‍ക്കാരിനെതിരെ വിവിധ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും ആരോപണങ്ങളും ബി.ജെ.പിക്ക് വോട്ട് ആയി മാറുമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ഫല പ്രഖ്യാപനം വരുമ്പോള്‍ ബി.ജെ.പിയുടെ പ്രതീക്ഷകളെല്ലാം തന്നെ അസ്ഥാനത്ത് ആവുകയായിരുന്നു.
ഇതിനിടെ ഇത്തവണ പാലക്കാട് നിയമസഭ മണ്ഡലത്തില്‍ നിന്ന് വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കൂടി തൊട്ടടുത്ത എതിര് സ്ഥാനാര്‍ത്ഥിയുടെ ഭുരിപക്ഷം കുറച്ച് രണ്ടാം സ്ഥാനത്ത് എത്താന്‍ ശോഭ സുരേന്ദ്രന് സാധിച്ചാല്‍ അത് വീണ്ടും കെ.സുരേന്ദ്രനും മുരളീധരന് പക്ഷത്തിനും കൂടുതല്‍ ക്ഷീണം ഉണ്ടാക്കും.
ഇത് വിലയിരുത്തിയാണ് ശോഭയെ കാട്ടാക്കടയിലേക്കും കെ.പി ശശികലയെ പാലക്കാടും സ്ഥാനാര്‍ത്ഥികളാക്കാന്‍ ആലോചിക്കുന്നത്. ഇതിന് പുറമെ സുരേഷ് ഗോപിയെ തിരുവനന്തപുരത്തോ കൊല്ലത്ത് മുകേഷ് വീണ്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാവുകയാണെങ്കില്‍ കൊല്ലത്തോ നിര്‍ത്താനും ബി.ജെ.പി ആലോചിക്കുന്നുണ്ട്.
തൃശ്ശൂരില്‍ ബി. ഗോപാലകൃഷ്ണനെയും കാസര്‍ഗോഡ് എ.പി അബ്ദുള്ളകുട്ടിയെയുമാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നത്. കെ സുരേന്ദ്രന് കോന്നിയോ കഴക്കൂട്ടമോ ലഭിക്കും. ഇതിന് പുറമെ ജേക്കബ് തോമസ്, മുന്‍ ഐ.എസ്.ആര്.ഒ ചെയര്മാന് ജി മാധവന് നായര്‍, ടി.പി സെന്‍കുമാര്‍ എന്നിവരെയും മത്സരത്തിന് പരിഗണിക്കുന്നുണ്ട്.