തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നേതാക്കള്‍ക്ക് കൊവിഡ്; ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നേതാക്കള്‍ കൊവിഡ് ബാധിതരാകുന്നതില്‍ ആരോഗ്യ വകുപ്പിന് ആശങ്ക. രോഗ വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ അഭ്യര്‍ത്ഥിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ കൊവിഡ് ബാധിതരാകുന്ന നേതാക്കളുടെ എണ്ണം കൂടുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് എംകെ മുനീര്‍, കോണ്‍ഗ്രസ് നേതാക്കളായ വിഎം സുധീരന്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്നിവര്‍ കൊവിഡ് ബാധിതരായി ചികിത്സയിലാണ്. തദ്ദേശ തെരഞ്ഞെടുപ്പ് വേളയില്‍ ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതൃത്വത്തെയൊന്നാകെ കൊവിഡ് പിടികൂടിയത് പ്രചാരണത്തേയും പാര്‍ട്ടിയുടെ പ്രകടനത്തേയും ബാധിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് പിസി വിഷ്ണുനാഥ്, എഎ ഷുക്കൂര്‍, എം മുരളി, ഷാനിമോള്‍ ഉസ്മാന് , ഡിസിസി പ്രസിഡന്റ് എം ലിജു , യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷാജി മോഹന്‍ എന്നിവര്‍ തെരഞ്ഞെടുപ്പുവേളയിലൊണ് കൊവിഡ് ബാധിതരായത്. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെയുള്ള രണ്ടാഴ്ച്ച നിര്‍ണായകമെന്ന് ആരോഗ്യ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജീകരിക്കുകയാണ് ആരോഗ്യ വകുപ്പ്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കി കൂടുതല്‍ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും കണ്ടെത്തുന്നുണ്ട്. ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളില്‍ വലിയ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.