കല്ലൂരാവിയിലെ കൊല ആസൂത്രിതം, കാരണം ലീഗിനേറ്റ തോല്‍വി ഔഫിന്റെ കുടുംബം
കാസര്‍കോട്:ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് ഔഫ് അബ്ദുള്‍ റഹ്മാന്റെ മരണം ആസൂത്രിതമെന്ന് കുടുംബം. ഔഫിന്റെ അമ്മാവനാണ് മുസ്ലിം ലീഗിന്റെ ഭാഗത്ത് നിന്ന് ഭീഷണിയുണ്ടായിരുന്നതായി വെളിപ്പെടുത്തിയത്.
കാഞ്ഞെങ്ങാട്ട് ലീഗിന് സ്വാധീനമുള്ള മേഖലയില്‍ നേരിട്ട തോല്‍വിയാണ് കൊലപാതകത്തിന് കാരണമെന്നും കുടുംബം ആരോപിച്ചു. തെരഞ്ഞെടുപ്പിന് ശേഷം ലീഗുകാര്‍ പ്രകോപനം ഉണ്ടാക്കിയിരുന്നതായും കുടുംബം ആരോപിച്ചു.കൊലപാതകത്തിന് പിന്നില്‍ ലീഗാണെന്ന് സി.പി.ഐ.എം ആരോപിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് കൊണ്ട് ലീഗ് രംഗത്തെത്തിയിട്ടുണ്ട്.ഔഫിന്റെത് രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു. കേസില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് ഇര്‍ഷാദ് അടക്കം മൂന്ന് പേരെ പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.ഇര്‍ഷാദാണ് പ്രതിയെന്ന ഔഫിന്റെ സുഹൃത്ത് ഷുഹൈബിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.ബുധനാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. ഷുഹൈബും ഔഫും ബൈക്കില്‍ വരുന്നതിനിടെ ഇവരെ ആക്രമിക്കുകയായിരുന്നു. ഷുഹൈബിനും ആക്രമണത്തില്‍ കുത്തേറ്റിട്ടുണ്ട്.കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഇര്‍ഷാദ് മുണ്ടത്തോട്ടത്തെ മുസ്ലിം ലീഗ് വാര്‍ഡ് സെക്രട്ടറിയാണ്. ഇയാളുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.ആക്രമണത്തിന് പിന്നില്‍ മുസ്ലിം ലീഗാണെന്ന് സി.പി.ഐ.എം ആരോപിച്ചു. പ്രദേശത്ത് തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.ഐ.എം-ലീഗ് സംഘര്‍ഷം നിലനിന്നിരുന്നു.
കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. എം.പി. വിനോദ്, എസ്.ഐ. വിനോദ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.