കല്ലൂരാവിയിലെ കൊലയും വിടാക്രമണവും അംഗീകരിക്കില്ല; കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം:യൂത്ത് ലീഗിനെ തള്ളി എന്‍.എ. നെല്ലിക്കുന്ന് എം എൽ എ
കാസര്‍കോട്: മുസ്ലീം ലീഗ് അക്രമ രാഷ്ട്രീയത്തിനോ കൊലപാതക രാഷ്ട്രീയത്തിനോ ഒരു തരത്തിലുമുള്ള പിന്തുണ നല്‍കാത്ത പാര്‍ട്ടിയാണെന്ന് മുസ്ലീം ലീഗ് നേതാവും എം.എല്‍.എയുമായ എന്‍.എ. നെല്ലിക്കുന്ന്.
കാഞ്ഞങ്ങാട്ട് ഡി.വൈ.എഫ്.ഐ. പ്രവര്ത്തകന് ഔഫ് അബ്ദുള്‍ റഹ്മാനെ കുത്തിക്കൊന്ന സംഭവത്തില്‍ യൂത്ത് ലീഗ് ഭാരവാഹി ഇര്‍ഷാദ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തിരുന്നു. രാഷ്ട്രീയ കൊലപാതം ആണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് മാതൃഭൂമി ന്യൂസിനോട് എം എൽ എ പ്രതികരിച്ചത്.
‘ഒരു തരത്തിലും ലീഗ് അക്രമരാഷ്ട്രീയത്തെ അംഗീകരിക്കുന്നില്ല. കാഞ്ഞങ്ങാട് നടന്ന കൊലപതാകത്തെ ആരും പിന്തുണയ്ക്കുന്നില്ല. ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍പെട്ട ആളായാലും കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് തന്നെയാണ് മുസ്ലീം ലീഗിന്റെ നിലപാട്. തെരഞ്ഞടുപ്പ് ഈ മേഖലയില്‍ സമാധാനപരമായിരുന്നു. പ്രദേശത്ത് ചെറിയ സംഘര്‍ഷം ഉണ്ടായിരുന്നു. ആ സംഘര്‍ഷം അന്ന് തന്നെ അവസാനിച്ചിരുന്നു.
‘ചെറിയ എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോള്‍ അത് ഊതിപ്പെരുപ്പിച്ച് ചെറുപ്പക്കാരുടെ മനസില്‍ പ്രതികാരം മനോഭാവം ഉണ്ടാകുന്ന സമീപനം ഏത് വിഭാഗത്തില്‍പെട്ട നേതാക്കളായാലും സ്വീകരിക്കാന്‍ പാടില്ല. ലീഗിന്റെ പ്രവര്‍ത്തകര്‍ ഒരു പ്രകോപനവുമില്ലാതെ വീട് ആക്രമിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അത് അപലപിക്കേണ്ടതാണ്. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രകടനത്തില്‍ പങ്കെടുത്തു എന്ന് പറഞ്ഞ് വീട് ആക്രമിക്കുന്നത് ഒരു രീതിയിലും അംഗീകരിക്കുന്നില്ല. അന്വേഷിച്ച് പാര്‍ട്ടി നടപടിയെടുക്കും.’ എന്‍.എ. നെല്ലിക്കുന്ന് വ്യക്തമാക്കി.