ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്റെ കൊലക്ക് പിന്നിൽ രാഷ്ട്രീയമെന്ന് പോലീസ് ;യൂത്ത് ലീഗ്പ്രവര്ത്തകനുള്പ്പടെ 3 പേര്‍ക്കെതിരേ കേസ്
കാഞ്ഞങ്ങാട് : ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് ഔഫ് അബ്ദുള്‍റഹ്മാന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്ന് പോലീസ്. യൂത്ത്ലീഗ് ഭാരവാഹി ഇര്‍ഷാദ് ഉള്‍പ്പടെ മൂന്നുപേര്‍ക്കെതിരേയാണ് ഇപ്പോള്‍ പോലീസ് കേസെടുത്തിട്ടുളളത്. സംഭവത്തില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് എല്‍ഡിഎഫ് നേതൃത്വം നഗരസഭാ പരിധിയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.
വോട്ടെണ്ണല്‍ ദിവസം മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകം എന്ന് സിപിഎം ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിന് വാര്‍ഡ് നഷ്ടപ്പെട്ടതോടെയാണ് പ്രകോപനം തുടങ്ങിയത്.
ബുധനാഴ്ച രാത്രി 10.30-ഓടെയാണ് സംഭവം. ഔഫിന്റെ സുഹൃത്ത് ഷുഹൈബിനും കുത്തേറ്റു. ഇവര്‍ രണ്ടുപേരും ബൈക്കില്‍ പഴയ കടപ്പുറത്തേക്ക് വരുന്നതിനിടെ കല്ലൂരാവി-പഴയ കടപ്പുറം റോഡില്‍ ഒരുസംഘം അക്രമികള്‍ തടഞ്ഞുനിര്‍ത്തി കുത്തുകയായിരുന്നു.
ഇവരുടെ മറ്റ് രണ്ട് സുഹൃത്തുക്കള്‍ മറ്റൊരു ബൈക്കില്‍ പിന്നാലെയുണ്ടായിരുന്നു. ഔഫിന് നെഞ്ചിലാണ് കുത്തേറ്റത്. കുത്തിയ ഉടന്‍ അക്രമികള്‍ ഇരുട്ടിലേക്ക് മറഞ്ഞു. ഔഫിനെ മന്‍സൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അബ്ദുള്‍ റഹ്മാന്റെ മൃതദേഹം 12 മണിയോടെ പോസ്റ്റ്മോര്‍ട്ടം ചെയ്യും.സംഭവത്തിന് പിന്നാലെ മുതിർന്ന സിപിഎം -എൽ ഡി എഫ് നേതാക്കൾ കഞ്ചാങ്ങാട്ടേക്ക് തിരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം കാഞ്ഞെങ്ങാട്ട് എത്തിക്കുന്ന മൃതദേഹം പൊതു ദർശനത്തിന് വെക്കും. കനത്ത കോവിഡ് സുരക്ഷാ നിയന്ത്രണവും ഉണ്ടാകും.