കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കല്ലൂരാവിയിൽ രാഷ്ട്രീയ സംഘർഷം. ഡി.വൈ.എഫ്.ഐ. പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. ഡി.വൈ.എഫ്.ഐ. പ്രവർത്തകനായ അബ്ദുൾ റഹ്മാൻ അയൂഫ്(32) ആണ് കൊല ചെയ്യപ്പെട്ടത്. ബുധനാഴ്ച രാത്രി11 മണിയോടെ കല്ലൂരാവി മുണ്ടത്തോടാണ് അക്രമം. ബൈക്കിൽ വരികയായിരുന്ന അയൂഫിനെയും സുഹൃത്ത് ഷുഹൈബിനെയും ഒരു സംഘം തടഞ്ഞ് നിർത്തി അക്രമിക്കുകയായിരുന്നു. അയൂഫ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഷുഹൈബ് അക്രമികളെ ഭയന്ന് ഓടി രക്ഷപ്പെട്ടു. ഇയാൾക്കും മുഖത്ത് പരിക്കുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം കല്ലൂരാവിയിൽ
മുസ്ലീം ലീഗ്-ഐ.എൻ.എൽ. , സി.പി.എം. പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. മുസ്ലീം ലീഗാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എം. നേതൃത്വം ആരോപിച്ചു. പഴയകടപ്പുറത്തെ ആയിഷയുടെ മകനാണ് മരിച്ച അബ്ദുൾ റഹിമാൻ അയൂഫ്. ഭാര്യ: ഷാഹിന. രണ്ട് വർഷം മുമ്പാണ് അബ്ദുൾറഹിമാൻ അയൂഫ്വിവാഹിതനായത്. ഭാര്യ: ഗർഭിണിയാണ്.
ആലമ്പാടി ഉസ്താദിെൻറ ചെറുമകനാണ് മരിച്ച അബ്ദുൾറഹ്മാൻ അയൂഫ്.
കൊലയിൽ പ്രതിഷേധിച്ച് ഇന്ന് കാഞ്ഞങ്ങാട് നഗര പരിധിയിൽ എൽ ഡി എഫ് ഹർത്താലിന് ആഹ്വാനം നൽകി.
അതേസമയം ഇന്നലെ രാത്രി പ്രദേശത്ത് കുത്തേറ്റ
മുസ്ലിം ലീഗ് പ്രവർത്തകന്റെ നില ഗുരുതരമാണെന്ന് ലീഗ് കേന്ദ്രങ്ങൾ അറിയിച്ചു.
യൂത്ത് ലീഗ് മുനിസിപ്പൽ സെക്രട്ടറി ഇർഷാദിനാണ് കുത്തേറ്റത്. മരിച്ച ഔഫിന്റെ മൃതദേഹം ഇന്നലെ രാത്രി തന്നെ മൻസൂർ ഹോസ്പിറ്റലിൽ നിന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി.