ഇറ്റലിയില്‍നിന്നും യു.കെയില്‍നിന്നും വരുന്നവര്‍
റൂം ക്വാറന്ൈറനില് കഴിയണം: കളക്ടര്‍
കാസർകോട് : കോവിഡ്-19 വൈറസിന്റെ പുതിയ വകഭേദത്തിന്റെ വ്യാപനം തടയുന്നതിനായി ഇറ്റലിയില്‍നിന്നും യു.കെയില്‍നിന്നും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും വരുന്നവര്‍ വീടുകളില്‍ റൂം ക്വാറന്ൈറനില് കഴിയണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ലക്ഷണം ഉള്ളവര്‍ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഡോക്ടര്‍മാരുമായി ബന്ധപ്പെടണമെന്നും ഐ.ഇ.സി കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ കളക്ടര്‍ പറഞ്ഞു.
വാര്‍ഡ് തല ജനജാഗ്രതാ സമിതികള്‍ അടിയന്തിരമായി വിളിച്ച് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താന്‍ നിര്‍ദേശം നല്കി. വിവാഹം, ആഘോഷങ്ങള്‍ എന്നിവ നിര്‍ബന്ധമായും തദ്ദേശ സ്ഥാപനത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ക്രിസ്മസ്, നവവത്സര ആഘോഷങ്ങള്‍ കോവിഡ് നിയന്ത്രണം പാലിച്ചേ നടത്താവൂ. പരമാവധി 100 പേരെ മാത്രമേ അനുവദിക്കൂ. കഴിയുന്നതും ആഘോഷം ഒഴിവാക്കി ആചാരങ്ങള്‍ മാത്രമായി നടത്തുക. സ്പോര്‍ട്സ് ടൂര്‍ണമെന്റുകള്‍ അനുവദിക്കില്ല. കോവിഡ് കേസുകളുടെ എണ്ണം കുറക്കുന്നതില്‍ ജില്ല സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വെച്ചതിനു പിന്നില്‍ പ്രധാന പങ്കു വഹിച്ച മാഷ് പദ്ധതി നിര്‍ത്തില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി. ഇതുവരെ ഡ്യൂട്ടി നിര്‍വഹിച്ചവരില്‍ താല്പര്യമുള്ളവര്ക്ക് തുടരാം. പകരം പുതിയവരെ നിയമിക്കും. പഴയ സംഘത്തെ മുഴുവനായും മാറ്റാന്‍ കഴിയില്ല. ജില്ലയിലെ ബീച്ചുകള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ലെന്നും അറിയിച്ചു.
യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ വി പുഷ്പ, മാസ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ദിലീപ് കുമാര്‍, മാഷ് പദ്ധതി കോ ഓര്‍ഡിനേറ്റര്‍ വിദ്യ പി സി, കെ എസ് എസ് എം ജില്ലാ കോഓര്‍ഡിനേറ്റര്‍ ജിഷോ ജെയിംസ് എന്നിവര്‍ സംബന്ധിച്ചു.