സൗദി അറേബ്യയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ മലപ്പുറം സ്വദേശി കൊല്ലപ്പെട്ടു
റിയാദ്: സൗദി അറേബ്യയുടെ തെക്ക് ഭാഗത്തെ പട്ടണത്തില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായ മലയാളി കൊല്ലപ്പെട്ടു. ജീസാന് സമീപം അബൂ അരീഷിലെ കടയിലാണ് മലപ്പുറം മേല്‍മുറി ആലത്തൂര്‍ പടി സ്വദേശി മുഹമ്മദ് അലി പുള്ളിയില്‍ (52) കൊല്ലപ്പെട്ടത്. ജോലിക്കിടയില്‍ ഇന്ന് പുലര്‍ച്ചെയാണ് കഴുത്തിന് കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്.
മോഷ്ടാക്കള്‍ ആക്രമിച്ചതാണെന്ന് കരുതുന്നു. കടയില്‍ മുഹമ്മദ് ഒറ്റക്കായിരുന്നു. ഇന്ന് അതിരാവിലെ മൂന്ന് മണിയോടെയാണ് സംഭവം. മൃതദേഹം അബൂഅരീഷ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ്. സഹോദരന് അഷ്റഫ് ഇതേ കടയില്‍ ജോലി ചെയ്യുകയായിരുന്നു. അദ്ദേഹം ഇപ്പോള്‍ നാട്ടിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.