മരിച്ചവരുടെ അക്കൗണ്ടുകളില്‍നിന്ന് പണംതട്ടി: ബാങ്ക് മാനേജരടക്കം ക്രിമിനലുകളായ മൂന്നുപേര്‍ക്കെതിരേ ഗുണ്ടാനിയമം ചുമത്തി
ചെന്നൈ: മരിച്ചവരുടെ അക്കൗണ്ടുകളില്‍നിന്ന് വ്യാജരേഖ ചമച്ച് പണം തട്ടിയെടുത്ത ബാങ്ക് മാനേജരടക്കം മൂന്നുപേര്‍ക്കെതിരേ പോലീസ് ഗുണ്ടാനിയമം ചുമത്തി.
ഇന്ത്യന്‍ ബാങ്കിന്റെ ചെന്നൈയിലെ ഒരു ബ്രാഞ്ചില്‍ മാനേജരായിരുന്ന കൊട്ടിവാക്കം സ്വദേശി ബി. വിനോദ് (33), കെ.കെ. നഗര്‍ സ്വദേശി നായിഡു എന്ന സൂര്യ (22), തിരുവള്ളൂര്‍ സ്വദേശി രഞ്ജിത് കുമാര്‍ (23) എന്നിവരെയാണ് ഗുണ്ടാപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പ്രതികള്‍ വീണ്ടും ക്രിമിനല്‍ക്കുറ്റങ്ങളിലേര്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന അന്വേഷണസംഘങ്ങളുടെ ശുപാര്‍ശപ്രകാരം ചെന്നൈ പോലീസ് കമ്മിഷണര്‍ മഹേഷ് കുമാര്‍ അഗര്‍വാളാണ് ഇവര്‍ക്കെതിരേ ഗുണ്ടാച്ചട്ടം ചുമത്തി ഉത്തരവിറക്കിയത്.
ബാങ്ക് തട്ടിപ്പിന് കഴിഞ്ഞമാസമാണ് വിനോദിനെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. 2017മുതല്‍ 2019വരെ ബാങ്ക് മാനേജരായിരിക്കുമ്പോള്‍ മരിച്ചവരുടെ പേരില്‍ വ്യാജരേഖകളുണ്ടാക്കിയായിരുന്നു തട്ടിപ്പ്. പെന്ഷന് തുകയും മറ്റുമായി അക്കൗണ്ടില്‍ വലിയ തുകയുള്ളവര്‍ മരിച്ചതിനുശേഷം അവകാശികള്‍ പണമന്വേഷിച്ച് ബാങ്കിലേക്ക് എത്തുന്നില്ലെന്ന് നിരീക്ഷിച്ച് ആ അക്കൗണ്ടുകള്‍ തിരഞ്ഞുപിടിച്ചായിരുന്നു തട്ടിപ്പ്.
ഇടപാട് നിലച്ച അക്കൗണ്ടുകള്‍ വ്യാജരേഖ ചമച്ച് സജീവമാക്കി എ.ടി.എം. കാര്‍ഡ് സംഘടിപ്പിച്ചായിരുന്നു പണം പിന്‍വലിച്ചിരുന്നത്. ഇത്തരത്തില്‍ 18 അക്കൗണ്ടുകളില്‍നിന്നായി 47.6 ലക്ഷം രൂപ വിനോദ് തട്ടിയെടുത്തു. ആഡംബരജീവിതം നയിക്കാനാണ് ഈപണം പ്രതി ഉപയോഗിച്ചിരുന്നത്. ഇയാള്‍ക്കൊപ്പം ഗുണ്ടാനിയമം ചുമത്തിയ സൂര്യയും രഞ്ജിത്തും വിവിധ പോലീസ് പോലീസ് സ്റ്റേഷനുകളില്‍ വധശ്രമത്തിനടക്കം ക്രിമിനല്‍ക്കേസുകളില്‍ പ്രതികളാണ്.