മുംബൈ ക്ലബ്ബില്‍ നടത്തിയ റെയ്ഡില്‍ സുരേഷ് റെയ്ന അറസ്റ്റില്‍
മുംബൈ : മുംബൈ വിമാനത്താവളത്തിനടുത്തുള്ള മുംബൈ ഡ്രാഗണ്‍ഫ്ലൈ ക്ലബ്ബില്‍ നടത്തിയ റെയ്ഡില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്നയെയും പ്രശസ്ത താരങ്ങളായ സുസെയ്ന്‍ ഖാന്, ഗായകന് ഗുരു രന്ധാവയെയും അറസ്റ്റ് ചെയ്തു. കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച് സംഘടിപ്പിച്ച ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തതിനാണ് റെയ്നയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. താരത്തെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചതായാണ് റിപ്പോര്‍ട്ട്.
ഏഴ് സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെടെ 34 പേരെ അറസ്റ്റ് ചെയ്തെന്നാണ് മുംബൈ പോലീസ് പറയുന്നത്. ക്രിക്കറ്റ് താരം റെയ്നയുള്‍പ്പെടെ 34 പേര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 188, 269, 34 എന്‍എംഡിഎ വ്യവസ്ഥകള്‍ എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് മുംബൈ പോലീസ് സ്ഥിരീകരിച്ചു.
കോവിഡ് 19 കേസുകള്‍ മഹാരാഷ്ട്രയില്‍ ഉയരുന്നതിനാല്‍ പുതുവര്‍ഷാഘോഷങ്ങള്‍ക്ക് മുന്നോടിയായി ഡിസംബര്‍ 22 മുതല്‍ ജനുവരി 5 വരെ വിവിധ പൊതു പരിപാടികള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടണില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ മുന്‍കരുതലെന്ന നിലയില്‍ മുംബൈ മുന്‍സിപ്പല്‍ കോര്പ്പറേഷന് പ്രദേശങ്ങളില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.