മനുഷ്യരാശിക്ക് ഭീഷണിയായി തലച്ചോറ് ഭക്ഷിക്കുന്ന അമീബ; വീണ്ടും ആശങ്ക; അതീവ ജാഗ്രത
ന്യൂയോര്‍ക്ക്: തലച്ചോറ് ഭക്ഷിക്കുന്ന നെയ്ഗ്ലേരിയ എന്ന തരം അമീബയുടെ സാന്നിദ്ധ്യം അമേരിക്കയില്‍ ആശങ്ക പടര്‍ത്തുന്നു. അമേരിക്കയിലെ തെക്കന്‍ സംസ്ഥാനങ്ങളില്‍ നെയ്ഗ്ലേരിയ അമീബ ബാധിച്ച 74 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതു സംബന്ധിച്ച് സെന്്റര്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ മുന്നറിയിപ്പ് നല്കി. ഇതു സംബന്ധിച്ച ആരോഗ്യ പ്രശ്നങ്ങള്‍ അമേരിക്കയില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തടാകങ്ങളും അരുവികളും ഉള്‍പ്പെടെയുള്ള ശുദ്ധജലത്തിലാണ് നെയ്ഗ്ലേരിയ ഫൌലറി എന്ന ഈ അമീബ കൂടുതലായി കാണപ്പെടുന്നത്. അമീബയുടെ സാന്നിദ്ധ്യമുള്ള വെള്ളത്തില്‍ നീന്തുകയോ മുങ്ങുകയോ ചെയ്യുമ്ബോള്‍ ഒരു വ്യക്തി രോഗബാധിതനാകുന്നു. ഇത് അമെബിക് മെനിംഗോഎന്സെഫാലിറ്റിസ് (പിഎഎം) എന്നറിയപ്പെടുന്നു.
മൂക്കിലൂടെയാണ് ഈ അമീബ ശരീരത്തിനകത്തേക്ക് പ്രവേശിക്കുന്നത്. ഇത് മൃഗങ്ങളുടെയും മനുഷ്യരുടെയും തലച്ചോറിലുള്ള സെറിബ്രത്തിലേക്ക് പ്രവേശിക്കുന്നതോടെയാണ് അപകടകാരിയാകുന്നത്. ഘ്രാണ നാഡികളിലൂടെയാണ് ഇത് മസ്തിഷ്ക്കത്തിലെത്തുന്നത്. ഇതോടെ മസ്തിഷ്ക്ക കോശങ്ങളും കലകളും ഇവ ഭക്ഷിക്കാന്‍ തുടങ്ങുന്നു. അതേസമയം ഈ അമീബയുടെ സാന്നിദ്ധ്യമുള്ള വെള്ളം കുടിക്കുന്നത് രോഗത്തിന് കാരണമാകില്ലെന്ന് സിഡിസി പറയുന്നു. 45 ഡിഗ്രി സെല്‍ഷ്യസ് (113 ഡിഗ്രി ഫാരന്‍ഹീറ്റ്) വരെ ചൂടുവെള്ളത്തില്‍ നെയ്ഗ്ലേരിയ തഴച്ചുവളരുമെന്നതിനാല്‍, ആഗോള താപനില കൂടുന്നതോടെ ഇതിന്റെ വ്യാപനം വര്‍ദ്ധിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. 1978 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ഈ അമീബയുടെ വ്യാപനം കൂടുതലാണെന്നും സിഡിസി വ്യക്തമാക്കി. വര്‍ദ്ധിച്ചുവരുന്ന താപനിലയും, അമ്യൂസ്മെന്റ് വാട്ടര്‍ തീം പാര്‍ക്കുകള്‍, നീന്തല്‍ കുളങ്ങള്‍ തുടങ്ങിയവയിലെ ജല ഉപയോഗ വര്‍ദ്ധനവും, വാട്ടര്‍ സ്പോര്‍ട്സിന്റെ വളര്‍ച്ചയും ഈ രോഗവ്യാപനത്തിന് കാരണമാകുന്നു എന്നു സിഡിസി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 1983-നും 2010-നും ഇടയില്‍ ഈ അമീബ ബാധിച്ച് 28 പേരാണ് മരിച്ചതെന്ന് അധികൃതര്‍ പറയുന്നു.