ബെംഗളൂരു: ഭാര്യാപിതാവിനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ യുവാവ് ചെയ്തത് ഇങ്ങനെ. ഭാര്യയുടെ അച്ഛന്റെ പേരില്‍ കര്‍ണാടക ഹൈക്കോടതി ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണി കത്തയച്ചു. സംഭവത്തില്‍ മരുമകനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ സ്വദേശിയായ രാജേന്ദ്ര സിംഗ് ആണ് അറസ്റ്റിലായത്.
സെപ്റ്റംബര്‍ 17നാണ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ബോംബ് ഭീഷണി കത്ത് ലഭിക്കുന്നത്. ഡല്‍ഹി സ്വദേശി ഹര്‍ദര്‍ശന്‍ സിംഗ് നഗ്പാലിന്റെ പേരിലായിരുന്നു കത്ത് വന്നത്. താന്‍ ഖലിസ്ഥാന്‍ തീവ്രവാദിയാണെന്നും കര്‍ണാടക ഹൈക്കോടതി ബോംബിട്ട് തകര്‍ക്കുമെന്നുമായിരുന്നു കത്തില്‍ ഉണ്ടായിരുന്നത്.
കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങുകയും ഹര്‍ദര്‍ശന്‍ സിംഗിനെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ താന്‍ ഇങ്ങനെയൊരു കത്ത് അയച്ചിട്ടില്ലെന്ന് അദ്ദേഹം പോലീസിന് മൊഴി നല്കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മരുമകനാണ് കത്തിന്റെ പിന്നിലെന്ന് മനസിലായത്.
ഹര്‍ദര്‍ശന്റെ മകളെ കഴിഞ്ഞ മാസമാണ് രാജേന്ദ്ര സിംഗ് വിവാഹം ചെയ്തത്. എന്നാല്‍, പ്രശ്നങ്ങളെ തുടര്‍ന്ന് മകള്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി. കുടുംബ പ്രശ്നത്തെ തുടര്‍ന്ന് ഇരുവരും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് മരുമകന് ഭാര്യാപിതാവിന്റെ പേരില്‍ ഭീഷണിക്കത്തയച്ചത്.