തെരഞ്ഞെടുപ്പ് പ്രചാരണത്തി നിടയിൽ കണ്ട ദുരിതക്കാഴ്ച്ച,തോറ്റ സ്ഥാനാർത്ഥി സൗജന്യമായി നല്‍കുന്നത് നാല് കുടുംബങ്ങള്‍ക്ക് വീടുവെക്കാനുള്ള ഭൂമി.
മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നേരിട്ട് കണ്ട നിര്‍ധന കുടുംബങ്ങളുടെ അവസ്ഥ മനസ്സിലാക്കിയ സ്ഥാനാര്‍ത്ഥി സൗജന്യമായി നല്‍കുന്നത് നാല് കുടുംബങ്ങള്‍ക്ക് വീടുവെക്കാനുള്ള ഭൂമി. തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ജനവിധി അംഗീകരിച്ചുകൊണ്ട് വീണ്ടും ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങുകയാണ് സാജിദ ഹൈദര്‍. പെരുവള്ളൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലാണ് ഈ കൗതുക കാഴ്ച.
വാര്‍ഡിലെ പറച്ചിനപുറായ ഭാഗത്ത് വീടില്ലാത്ത പാവപ്പെട്ട നാല് കുടുംബംങ്ങള്‍ക്ക് വീടിനുള്ള സ്ഥലം സൗജന്യമായി നല്‍കികൊണ്ട് അതിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മൂന്ന് സെന്റ് വീതമാണ് നാല് കുടുംബങ്ങള്‍ക്ക് നല്‍കുന്നത്. മുസ്ലിംലീഗിലെ താഹിറ കരീമിനോട് 42 വോട്ടിന്റെ വ്യത്യാസത്തിലാണ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാത്ഥിയായി മത്സരിച്ച സാജിദ ഹൈദര്‍ പരാജയപ്പെട്ടത്.
പരാജയപ്പെട്ടെങ്കിലും വാക്കുപാലിക്കാന്‍ തയ്യാറായ സാജിദ ഹൈദറിനെ തേടി നിരവധിപേരുടെ അഭിനന്ദനങ്ങളാണ് എത്തുന്നത്.