ബേഡഡുക്ക-മുളിയാർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പയസ്വിനിപ്പുഴയിൽ ചൊട്ടക്കടവിൽ പാലം ഉടൻ, കിഫ്ബി സംഘം സ്ഥലം സന്ദർശിച്ചു.
ഇരിയണ്ണി : ബേഡഡുക്ക-മുളിയാർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പയസ്വിനിപ്പുഴയ്ക്ക് കുറുകെ ചൊട്ടക്കടവിൽ പാലം നിർമിക്കുന്നു.
ഇതുസംബന്ധിച്ച് പരിശോധന നടത്തുന്നതിന് ‘കിഫ്ബി’ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. പൊതുമരാമത്ത് വിഭാഗം തയ്യാറാക്കി കിഫ്ബിക്ക് സമർപ്പിച്ച റിപ്പോർട്ടിൻമേൽ പരിശോധന നടത്താനാണ് സംഘം എത്തിയത്. ബേഡഡുക്കയിലെ കുണ്ടംകുഴി, മുളിയാറിലെ ഇരിയണ്ണി എന്നീ ടൗണുകളെയാണ് പാലം ബന്ധിപ്പിക്കുന്നത്. ഇതോടെ ഇരു ടൗണുകൾക്കുമിടയിലെ റോഡ് ദൂരം ഏഴ് കിലോമീറ്ററായി കുറയും. പുഴക്കരയിൽനിന്ന് ഇരു ടൗണുകളിലേക്കും മൂന്നര കിലോമീറ്റർ വീതമാണ് ദൂരം.
കുണ്ടംകുഴിയിൽനിന്ന് ദൊഡുവയൽ, ബത്തക്കുമിരിവരെ റോഡ് ടാറിട്ടതാണ്. ബത്തക്കുമിരിയിൽനിന്ന് ചൊട്ടക്കടവ് വരെ ഒരു കിലോമീറ്റർ ദൈർഘ്യത്തിൽ ടാറിട്ടിട്ടില്ല. വേണ്ടത്ര വീതിയുമില്ല.
പാലത്തിന്റെ സമീപറോഡായ ഇവിടെ വീതി 12 മീറ്ററായി വർധിപ്പിക്കുന്നതിന് സ്ഥലം വിട്ടുനൽകാൻ ഉടമകളും നാട്ടുകാരും രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരും പങ്കെടുത്ത യോഗത്തിൽ ധാരണയായതായി ബേഡഡുക്ക പഞ്ചായത്തംഗം ഡി. വത്സല അറിയിച്ചു.
യോഗം എം. അനന്തൻ ഉദ്ഘാടനം ചെയ്തു. ഡി. വത്സല അധ്യക്ഷത വഹിച്ചു.
പി.കെ. ഗോപാലൻ, കെ. മുരളി, ബിജു തായത്ത്, സുനിൽ എന്നിവർ സംസാരിച്ചു.
പുഴയുടെ മറുഭാഗം മുളിയാർ പഞ്ചായത്തിലെ വെള്ളാട്ട്, മീത്തൽകുണിയേരി വഴിയാണ് റോഡ് ഇരിയണ്ണിയിലെത്തുന്നത്.
പ്രാഥമിക രൂപരേഖ തയ്യാറാകുന്നു
:ചൊട്ടക്കടവിൽ നിർമിക്കുന്ന പാലത്തിന്റെ പ്രാഥമിക രൂപരേഖ തയ്യാറായിവരുന്നു. 130 മീറ്റർ നീളത്തിൽ നിർമിക്കാനാണ് പദ്ധതി. 15 കോടി രൂപ ചെലവിലാണ് നിർമാണം.