വാഗമൺ നിശാപാര്‍ട്ടി: റിസോര്‍ട്ട് ഉടമ ഷാജി കുറ്റിക്കാടനെ പുറത്താക്കുമെന്ന്സിപിഐ ജില്ലാ സെക്രട്ടറി
ഇടുക്കി: വാഗമൺ റിസോര്‍ട്ടിലെ നിശാപാര്‍ട്ടിയില്‍ ലഹരിമരുന്നു പിടിച്ച സംഭവത്തില്‍ റിസോര്‍ട്ട് ഉടമ ഷാജി കുറ്റിക്കാടനെ സിപിഐയില്‍ നിന്ന് പുറത്താക്കും. സിപിഐ ഏലപ്പാറ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷാജി കുറ്റിക്കാടനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമന് പറഞ്ഞു. ഷാജിയുടെ ഭാഗത്ത് നിന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധമായ നടപടിയാണ് ഉണ്ടായതെന്നും ഇക്കാര്യത്തില്‍ ഇന്ന് തന്നെ നടപടിയുണ്ടാകുമെന്നും കെ കെ ശിവരാമന് പറഞ്ഞു.
അതേസമയം ജന്മദിന ആഘോഷങ്ങള്‍ക്കെന്ന പേരിലാണ് പിടിക്കപ്പെട്ടവര്‍ റിസോര്‍ട്ട് എടുത്തതെന്നും മൂന്ന് റൂം മാത്രമാണ് എടുത്തതെന്നും ഷാജി പോലീസിനോട് പറഞ്ഞു. റിസോര്‍ട്ട് ബുക്ക് ചെയ്തത് കൊച്ചി സ്വദേശി ഏണസ്റ്റ് എന്നയാളാണെന്നും ഷാജി വെളിപ്പെടുത്തി. എണ്ണത്തില്‍ കൂടുതല്‍ ആളുകള്‍ വന്നപ്പോള്‍ താന്‍ ചോദ്യം ചെയ്തിരുന്നുവെന്നുവെന്നും എട്ടുമണിക്ക് മുന്‍പ് റിസോര്‍ട്ട് വിടണമെന്ന് പറഞ്ഞിരുന്നെന്നും ഇയാള്‍ പറഞ്ഞു. പാര്‍ട്ടി നടത്തിയത് സ്വകാര്യ വ്യക്തികളാണെന്ന് പൊലീസ് വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥന് എഎസ്പി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ റിസോര്‍ട്ടില്‍ വീണ്ടും പരിശോധന നടത്തുന്നുണ്ട്.
അതിനിടെ പ്രതിഷേധവുമായെത്തിയ കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിനെയും സംഘത്തെയും റിസോട്ടിന് മുന്നില്‍ പൊലീസ് തടഞ്ഞു. കേസ് ഒതുക്കാന്‍ പൊലീസ് ശ്രമം നടത്തുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. പിടികൂടിയ ലഹരിമരുന്നിന്റെ അളവ് കുറച്ച് കാണിക്കാന്‍ ശ്രമിക്കുന്നതായും റിസോര്‍ട്ട് കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് പാര്‍ട്ടികള്‍ക്ക് സിപിഎം-സിപിഐ നേതാക്കളുടെ ഒത്താശയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. റിസോര്‍ട്ട് ഉടമ ഷാജി കുറ്റികാടന്‍ നക്ഷത്ര ആമ കടത്ത് ഉള്‍പ്പടെ കേസിലെ പ്രതിയാണെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നും ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ആവശ്യപ്പെട്ടു. ഇന്നലെ രാത്രിയോടെയാണ് വാഗമണില്‍ നിശാപാര്‍ട്ടി നടക്കുന്ന റിസോര്‍ട്ടില്‍ നിന്നും മയക്കുമരുന്ന് ശേഖരം പിടികൂടിയത്. എല്‍എസ്ഡി സ്റ്റാമ്പുകളും കഞ്ചാവും ഹെറോയിനുമടക്കമുള്ള ലഹരിമരുന്നുകള്‍ പിടികൂടിയിട്ടുണ്ട്.