ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സംവിധാനത്തിന് ഇലക്ഷന് കമ്മീഷന് തയ്യാറെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍
ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയത്തെ പിന്തുണച്ച് ചീഫ് ഇലക്ഷന് കമ്മീഷണര്‍ സുനില്‍ അറോറ. ഈ പുതിയ സംവിധാനം നടപ്പാക്കാന്‍ ഇലക്ഷന് കമ്മീഷന് തയ്യാറാണെന്ന് സുനില്‍ അറോറ അറിയിച്ചു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന തിരഞ്ഞെടുപ്പ് രീതിയും എല്ലാ തിരഞ്ഞെടുപ്പിനും ഒരേയൊരു വോട്ടേഴ്സ് ലിസ്റ്റും മതിയെന്ന ആശയം പ്രധാനമന്ത്രി മുന്നോട്ട്വച്ചത് നവംബര്‍ മാസത്തിലാണ്.
രാജ്യത്തെ വിവിധയിടങ്ങളില്‍ മാസങ്ങള്‍ക്കിടെ തിരഞ്ഞെടുപ്പുകള്‍ നടക്കാറുണ്ട്. അതുകാരണം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തടസമുണ്ടാകാറുണ്ടെന്ന് നവംബര്‍ മാസത്തില്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അതിനാല്‍ തന്നെ ഇതിനെ കുറിച്ച് പഠിക്കുകയും സൂക്ഷ്മമായ ആലോചനയിലൂടെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന അഭിപ്രായത്തിലേക്ക് എത്തിച്ചേരണമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇതിന് വലിയ പിന്തുണയാണ് നിലവില്‍ സുനില്‍ അറോറയുടെ പ്രസ്താവന.
ഒരേ സമയം ഒരു തിരഞ്ഞെടുപ്പ് എന്ന പ്രധാനമന്ത്രിയുടെ അഭിപ്രായം പുതിയതല്ല. 2015ല്‍ പഴ്സണല്‍, പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി , ലോ ആന്റ് ജസ്റ്റിസ്, പബ്ളിക് ഗ്രീവന്‍സസ് എന്നിവയുടെ തലവനായ ഇ.എം സുദര്‍ശന നാച്ചിയപ്പന്‍ ഇത്തരം തിരഞ്ഞെടുപ്പ് നല്ലതാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇത് പ്രായോഗികമല്ലെന്നാണ് കോണ്‍ഗ്രസിന്റെ വാദം. കോണ്‍ഗ്രസ് ഉള്‍പ്പടെ വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ മോദിയുടെ ഈ ആശയത്തിന് എതിരാണ്.