അഭയക്കേസ് റിപ്പോര്‍ട്ടുചെയ്യാന്‍ പോയപ്പോള്‍ കോണ്‍വെന്റില്‍ കണ്ട കാഴ്ചകള്‍ ഓര്‍ത്തെടുത്ത് കൗമുദി ലേഖകന്‍
കോട്ടയം: ദുരൂഹസാഹചര്യത്തിൽ സിസ്റ്റർ അഭയ കിണറ്റിൽ മരിച്ചുകിടന്നത് റിപ്പോർട്ട് ചെയ്യാൻ 28 വർഷം മുമ്പ് കോട്ടയം പയസ് ടെൻത് കോൺവെന്റിൽ എത്തിയ നിമിഷം ഓർമയിൽ നിന്ന് മാഞ്ഞിട്ടില്ല. വാർത്താ ചാനലുകൾ സജീവമല്ലാതിരുന്ന കാലം. കേരളകൗമുദി ലേഖകനെന്നു പറഞ്ഞിട്ടും കോൺവെന്റിന്റെ ഗേറ്റ് തുറക്കാൻ സെക്യൂരിറ്റിക്കാരനു മടി. പൊലീസ് മേധാവി കെ.ടി മൈക്കിൾ കണ്ടതിനാൽ ഉള്ളിൽ കയറ്റി.
“പരീക്ഷയിൽ മാർക്കു കുറഞ്ഞതിന് അഭയ ആത്മഹത്യ ചെയ്തതാണ്. കിണറ്റിലേക്ക് ഊർന്നിറങ്ങിയതിന്റെ തെളിവുണ്ട്.” ആത്മഹത്യയെന്നു സ്ഥാപിക്കാനുള്ള വ്യഗ്രത എസ്.പിയുടെ മറുപടിയിൽ പ്രകടം. അടുക്കളയോടു ചേർന്ന കിണറ്റിൽ കമിഴ്ന്ന നിലയിലായിരുന്നു മൃതദേഹം. അടുക്കള അലങ്കോലപ്പെട്ട നിലയിൽ. ആകെ ദുരൂഹത തോന്നിച്ചെങ്കിലും ആത്മഹത്യയെന്ന് സ്ഥാപിക്കാനായിരുന്നു പൊലീസ് മേധാവിക്കും കോൺവെന്റിലെ അധികാരികൾക്കും താത്പര്യം.
ആരുടെയോ നിർദ്ദേശമനുസരിച്ചെന്നതു പോലെ ക്രൈം സീനിൽ പൊലീസ് ഉദ്യോഗസ്ഥർ ആദ്യംതന്നെ മാറ്റങ്ങൾ വരുത്തിയിരുന്നു. ആത്മഹത്യയെന്നു സ്ഥാപിച്ച് കേസ് അവസാനിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്ന് വ്യക്തം. തെളിവെടുക്കാൻ പൊലീസ് നായയെ കൊണ്ടു വന്നില്ല. വിരലടയാള വിദഗ്ദ്ധരും വന്നില്ല. അന്വേഷണം തുടക്കത്തിലേ വഴിതെറ്റിക്കാൻ ആരോ ശ്രമിക്കുന്നതുപോലെ തോന്നി.
കന്യാസ്ത്രീ കിണറ്റിൽ വീണു മരിച്ചുവെന്ന ബിറ്റ് വാർത്തയായിരുന്നു കോട്ടയം പത്രങ്ങളിൽ. ദുരൂഹ സാഹചര്യത്തിൽ കന്യാസ്ത്രീയുടെ ജഡം കിണറ്റിലെന്ന് വാർത്ത നൽകിയത് കേരളകൗമുദിയും മറ്റൊരു ദിനപത്രവും മാത്രമായിരുന്നു. മറ്റു മാദ്ധ്യമങ്ങൾ മൗനം പാലിച്ചപ്പോൾ തുടർച്ചയായി കേസന്വേഷണ വാർത്ത നൽകിയത് കേരളകൗമുദിയും ഫ്ലാഷുമായിരുന്നു. അഭയ കേസിലെ മികച്ച റിപ്പോർട്ടിംഗിന് അവാർഡും ലഭിച്ചു. കേസന്വേഷണത്തിന്റെ ഭാഗമായി കോടതിയിലും കയറേണ്ടി വന്നു .