‘അന്ന് രാത്രി ഫാദര്‍ തോമസ് കോട്ടൂരിനേയും സെഫിയേയും കോണ്‍വെന്റില്‍ കണ്ടു’; അഭയ കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സാക്ഷി അടയ്ക്കാ രാജു
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ നാളെ വിധി വരാനിരിക്കെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പ്രോസിക്യൂഷന് മൂന്നാം സാക്ഷി അടയ്ക്കാ രാജു. അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ പയസ് ടെന്‍ത്ത് കോണ്‍വെന്റില്‍ മോഷ്ടിക്കാനെത്തിയപ്പോള്‍ പ്രതികളായ തോമസ് കോട്ടൂരിനേയും സെഫിയേയും കണ്ടെന്നാണ് രാജുവിന്റെ വെളിപ്പെടുത്തല്‍. അഭയയയെ കൊന്നത് താനാണെന്ന് വരുത്തി തീര്‍ക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമം നടത്തി. ക്രൂരമായ ശാരീരിക പീഡനം ഏറ്റുവാങ്ങേണ്ടി വന്നു. എസ്.പി മൈക്കിളിന്റെ നേതൃത്വത്തില്‍ ക്രൂരമായി പീഡിപ്പിച്ചുവെന്നും രാജു പറയുന്നു.കുറ്റം ഏറ്റാല്‍ വീടും ഭാര്യയ്ക്ക് ജോലിയും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തുവെന്നും രാജു വെളിപ്പെടുത്തുന്നു. ഇതാദ്യമായാണ് രാജു മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തുന്നത്. അഭയകേസ് വിധി നാളെ വരാനിരിക്കെയാണ് രാജുവിന്റെ വെളിപ്പെടുത്തല്‍.1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത്ത് കോണ്‍വെന്റിന്റെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഭയ കൊലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ് രാജ്യം തന്നെ ഉറ്റുനോക്കുന്ന നിര്‍ണായക വിധി വരുന്നത്. ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതളളിയ സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമെന്ന് തെളിയിച്ചത് സി ബി ഐയാണ്.പ്രതികളായ ഫാ തോമസ് കോട്ടൂര്‍, ഫാ ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ തമ്മിലുളള ശാരീരിക ബന്ധം അഭയ കണ്ടതിനെ തുടര്‍ന്ന് കൊലപ്പെടുത്തി കിണറ്റിലിട്ടുവെന്നാണ് സി ബി ഐ കണ്ടെത്തല്‍. അഭയയുടെ ഇന്‍ക്വിസ്റ്റില്‍ കൃത്രിമം കാട്ടിയ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എ എസ് ഐ അഗസ്റ്റിനെയും നാലാം പ്രതിയാക്കി സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. സി ബി ഐ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പേ അഗസ്റ്റിന് ആത്മഹത്യ ചെയ്തിരുന്നു. തുടരന്വേഷണത്തില്‍ കേസ് അട്ടിമറിച്ച ക്രൈം ബ്രാഞ്ച് മുന്‍ ഡി വൈ എസ് പി സാമുവലിനേയും പ്രതിയാക്കി. മുന്‍ ക്രൈം ബ്രാഞ്ച് എസ് പി കെ ടി മൈക്കിളിനെ സി ബി ഐ കോടതിയും പ്രതിചേര്‍ത്തു. സാമുവല്‍ മരിച്ചതിനാല്‍ കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കി.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 26ന് ആരംഭിച്ച വിചാരണ പല പ്രാവശ്യം തടസപ്പെട്ടിരുന്നു. വിചാരണ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സുപ്രീംകോടതിയെ വരെ സമീപിച്ചിരുന്നു. വിചാരണ തുടരാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് തിരുവനന്തപുരം സി ബി ഐ കോടതിയില്‍ വിചാരണ ആരംഭിച്ചത്.