‘വര്‍ഗീയത ഉള്ളത് കൊണ്ടാണ് ഇ കെ വിഭാഗം സമസ്ത മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ചത്’ : പി. ജയരാജന്
കണ്ണൂർ :മുസ്ലിം ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുഖപ്രസംഗം എഴുതിയ സമസ്ത മുഖപത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം നേതാവ് പി. ജയരാജന്.
മനസില്‍ വര്‍ഗീയ ചിന്ത ഉള്ളത് കൊണ്ടാണ് മുസ്ലിം ലീഗിനെ വിമര്‍ശിക്കുന്നത് വര്‍ഗീയതയുടെ അനുരണനമാണെന്ന തരത്തില്‍ സമസ്ത മുഖപത്രമായ സുപ്രഭാതം മുഖപ്രസംഗം എഴുതിയതെന്ന് ജയരാജന് പറഞ്ഞു.
മതനിരപേക്ഷതക്ക് വേണ്ടി ഉറച്ച നിലപാട് സ്വീകരിക്കുന്ന മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് കേരളത്തിലുള്ളത്. അത്തരത്തിലുള്ള മുഖ്യമന്ത്രിയെയും സര്‍ക്കാറിനെയും ഇത്തരത്തില്‍ ചിത്രീകരിക്കുന്നത് ശരിയായ കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്ലിം സമുദായത്തിന് അകത്ത് സ്വത്വബോധം ഉല്പാദിപ്പിച്ച് അതിന്റെ അടിസ്ഥാനമാക്കി ഒരു വര്‍ഗീയ രാഷ്ട്രീയത്തിനുള്ള നീക്കമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ നടത്തിയത്. പലയിടത്തും വെല്‍ഫെയര്‍ പാര്‍ട്ടിയുമായും ചില സ്ഥലങ്ങളില്‍ എസ്.ഡി.പി.ഐയുമായും സഹകരിക്കുന്ന നിലപാടാണ് ലീഗും കോണ്‍ഗ്രസും സ്വീകരിച്ചത്.
വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച്, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ പോലെ ഇടതുപക്ഷ വിരുദ്ധ ജ്വരം ഉണ്ടാക്കാന്‍ ശ്രമിച്ചു. അത് പരാജയപ്പെട്ട കാര്യമാണ് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചതെന്നും ജയരാജന് മീഡിയവണിനോട് പറഞ്ഞു.