കരം മുടങ്ങി; നഗരസഭാ അധികൃതര്‍ വീടിന് മുന്നില്‍ മാലിന്യം നിക്ഷേപിച്ചു മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് വീട്ടമ്മ മരിച്ചു
ഹൈദരാബാദ്: നഗരസഭാ അധികൃതര്‍ വീടിന് മുന്നില്‍ മാലിന്യം നിക്ഷേപിച്ചതിലുണ്ടായ മാനസികസംഘര്ഷത്തെ തുടര്‍ന്ന് അന്‍പത്തെട്ടുകാരി മരിച്ചു. വീട്ടുകരം അടയ്ക്കാന്‍ വൈകിയതിനെ തുടര്‍ന്നായിരുന്നു നഗരസഭാ അധികൃതരുടെ വിചിത്രമായ നടപടി. തെലങ്കാനയിലെ നാരായന്ഖേദിലാണ് സംഭവം.
ബുമാവ്വയുടെ വീടിന് മുന്നില്‍ ഡിസംബര്‍ 15 നാണ് അധികൃതര്‍ ചപ്പുചവറുകള്‍ കൊണ്ടിട്ടത്. ഈ നടപടിയില്‍ ബുമാവ്വ അത്യധികം ദുഃഖിതയും അപമാനിതയുമായെന്ന് ബന്ധുക്കള്‍ പറഞ്ഞു. ശനിയാഴ്ചയോടെ ബുമാവ്വയുടെ ആരോഗ്യനില വഷളാവുകയും സംഗറെഡ്ഡിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഞായറാഴ്ച രാവിലെ ഇവര്‍ മരിച്ചു.
നഗരസഭയുടെ നടപടിയിലും നേരിടേണ്ടി വന്ന അപമാനത്തിലും മനം നൊന്താണ് ബുമാവ്വ മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഡിസംബര്‍ 17 ന് നഗരസഭ മാലിന്യം നീക്കം ചെയ്തിരുന്നു. സംഭവത്തെ കുറിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ആസ്ത്മയുള്പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ബുമാവ്വയെ അലട്ടിയിരുന്നതായും പോലീസ് അറിയിച്ചു.