എട്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയി 17 കോടിയുടെ ബിറ്റ്കോയിന് ആവശ്യപ്പെട്ടു.മംഗളുരുവിനെ മുൾമുനയിൽ നിർത്തിയ സംഭവത്തിന് ഒടുവിൽ സംഭവിച്ചത് ഇങ്ങനെ
മംഗളുരു: എട്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയി 17 കോടിയുടെ ബിറ്റ്കോയിന് ആവശ്യപ്പെട്ട സംഭവത്തിന് ശുഭാന്ത്യം. 36 മണിക്കൂറിനുശേഷം സാഹസികമായി കുട്ടിയെ രക്ഷപെടുത്താനും ഏഴു പേരെ പിടികൂടാനും പൊലീസിന് സാധിച്ചു. മംഗളുരുവിന് സമീപത്തുള്ള ബെല്‍ത്തങ്ങടിയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് മലയാളി കുടുംബത്തിലെ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം ബിറ്റ്കോയിന് മോചനദ്രവ്യം ആവശ്യപ്പെടുന്ന ആദ്യ കേസാണിതെന്ന് കര്‍ണാടക പൊലീസ് പറഞ്ഞിരുന്നു.
ഉജിരെയില്‍ സ്ഥിരതാമസമാക്കിയ മലയാളിയായ ബിജോയ് അറയ്ക്കലിന്റെയും കണ്ണൂര്‍ സ്വദേശിനി ശാരിതയുടെയും മകന് എട്ടുവയസുകാരനായ അനുഭവിനെയാണ് വ്യാഴാഴ്ച വൈകുന്നേരം കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.സംഘത്തിലെ ഒരു അംഗം പിന്നീട് ശാരിതയെ ഫോണില്‍ വിളിച്ച് 17 കോടി രൂപ ബിറ്റ് കോയിനായി മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. ബംഗളൂരു ഇലക്ട്രോണിക്സ് സിറ്റിയില്‍നിന്നുള്ള കോമള്‍, ഇയാളുടെ സുഹൃത്ത് മഹേഷ്, മാണ്ഡ്യ സ്വദേശി ഗംഗാധര്‍, കുട്ടിയെ ഒളിപ്പിച്ചുവച്ച വീടിന്റെ ഉടമ മഞ്ജുനാഥ് എന്നിവരും പേരുവിവരങ്ങള്‍ വ്യക്തമായിട്ടില്ലാത്ത മൂന്നു പേരുമാണ് അറസ്റ്റിലായത്. ഉജിരെയിലെ വീടിനു മുന്നില്‍വച്ചാണ് വെള്ള നിറമുള്ള ഇന്‍ഡിക്ക കാറിലെത്തിയ സംഘം കുട്ടിയെ കയറ്റിക്കൊണ്ടുപോയത്.
ബിജോയിയുടെ പിതാവ് റിട്ട. നാവികസേനാ ഉദ്യോഗസ്ഥനായ ശിവന് കുട്ടിക്കൊപ്പം നടക്കാന്‍ ഇറങ്ങി തിരിച്ചുവരികയായിരുന്നു. വീടിന്റെ ഗേറ്റിനു സമീപത്തെത്തുമ്ബോള് അല്പം മുന്നിലായി നടന്നുനീങ്ങിയ കുട്ടിയെ പെട്ടെന്ന് അടുത്തെത്തിയ കാര്‍ നിര്‍ത്തി അതിലേക്ക് വലിച്ചുകയറ്റുകയായിരുന്നു.
മാലൂര്‍ താലൂക്കിലെ കൂര്മഹൊസഹള്ളി എന്ന കുഗ്രാമത്തിലെ ഒരു വിട്ടിലായിരുന്നു കുട്ടിയെ പാര്‍പ്പിച്ചിരുന്നത്. പ്രതികളുടെ ഫോണ്‍ നമ്ബര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പൊലീസ് ഇത് കണ്ടെത്തിയിരുന്നു. കുട്ടിയുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി നേരിട്ടുള്ള ഓപ്പറേഷന് മുതിരാതെ കോലാര്‍ പോലീസിന്റെ സഹായത്തോടെ വീട് കണ്ടെത്തുകയായിരുന്നു. ഇതിനുശേഷം വീടും അവിടേക്ക് പോയി വരുന്നവരും പോലീസിന്റെ നിരന്തര നിരീക്ഷണത്തിലാക്കി.
സംഘാംഗങ്ങള്‍ ഉറക്കത്തിലായിരിക്കുമ്ബോള് ഇന്നലെ പുലര്‍ച്ചെ പോലീസ് വീട്ടിലേക്ക് കടന്നുകയറി കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. ദക്ഷിണകന്നഡ ജില്ലാ പോലീസ് മേധാവി ബി.എല്‍. ലക്ഷ്മിപ്രസാദും കോലാര്‍ ജില്ലാ പോലീസ് മേധാവി കാര്‍ത്തിക് റെഡ്ഡിയും ഓപ്പറേഷന് നേതൃത്വം നല്കി. കുട്ടിയെ കുടുംബാംഗങ്ങള്‍ക്ക് കൈമാറി.