വിഷബാണം തൊടുക്കരുത് വര്‍ഗീയാഗ്നിക്ക് തിരികൊളുത്തരുത്: മുഖ്യമന്ത്രിക്കെതിരെ സമസ്ത
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരേ സമസ്ത മുഖപത്രം. മുഖ്യമന്ത്രി വര്‍ഗീയതയ്ക്ക് തിരി കൊളുത്തുന്നുവെന്ന് സുപ്രഭാതം മുഖപ്രസംഗത്തില്‍ വിമര്‍ശനം. ലീഗ് യു.ഡി.എഫിന്റെ തലപ്പത്ത് വന്നാല്‍ എന്താണ് കുഴപ്പമെന്നും മുഖ്യമന്ത്രിയും സിപിഎമ്മും മുസ്ലീം ലീഗിനെ മുന്നില്‍നിര്‍ത്തി സമുദായത്തെ മൊത്തത്തില്‍ വിമര്‍ശിക്കുകയാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
മുഖ്യമന്ത്രി വര്‍ഗീയാഗ്നിക്ക് തിരികൊളുത്തരുത് എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. കേരളത്തില്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും സംഘപരിവാറിന് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ആ ചുമതലയാണോ ഇപ്പോള്‍ സിപിഎം ഏറ്റെടുത്തിരിക്കുന്നത് എന്ന ചോദ്യത്തോടെയാണ് മുഖപ്രസംഗം ആരംഭിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ കേളികൊട്ട് കോടിയേരി ബാലകൃഷ്ണന് തുടങ്ങിയത് മുസ്ലീം സമുദായത്തിന്റെ നെഞ്ചിലേക്ക് വര്‍ഗീയവിഷം പുരട്ടിയ അസ്ത്രം തൊടുത്തുകൊണ്ടായിരുന്നു. അതിന്റെ ഫലമായാണ് ഇടതുമുന്നണി അഭൂതപൂര്‍വമായ വിജയം നേടിയതെന്ന ധാരണയിലാണോ മുഖ്യമന്ത്രിയും ഇതേ വിഷബാണം വീണ്ടും തൊടുത്തുവിടാന്‍ തയ്യാറായതെന്നും ലേഖനത്തില്‍ ചോദിക്കുന്നു.
ഇടയ്ക്കിടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്ന കോടിയേരി, കടകംപള്ളി, വിജയരാഘവന് എന്നിവരുടെ നിലവാരമല്ല സംസ്ഥാന ഭരണത്തലവനില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത്. വര്‍ഗീയ ധ്രുവീകരണം ഇന്ത്യയിലൊട്ടാകെ പടര്‍ത്താന്‍ സംഘപരിവാര്‍ ആസൂത്രണം ചെയ്ത സിഎഎ നിയമത്തിനെതിരേ ധീരമായ നിലപാടെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെയാണ് കേരള ജനതയ്ക്ക് വേണ്ടതെന്നും ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
സംസ്ഥാന ജനസംഖ്യയില്‍ 27 ശതമാനം വരുന്ന മുസ്ലീം സമുദായത്തെ അവഗണിച്ചുകൊണ്ട് കേരളത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം. യുഡിഎഫിന്റെ നിയന്ത്രണം ലീഗ് ഏറ്റെടുക്കാന്‍ പോകുകയാണെന്നും കോണ്‍ഗ്രസില്‍ ആരാണ് നേതൃസ്ഥാനത്ത് വരേണ്ടതെന്ന് ലീഗാണ് തീരുമാനിക്കുന്നതെന്നുമുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം തിരഞ്ഞെടുപ്പില്‍ താങ്ങായിനിന്ന ചിലരെ ആഹ്ലാദിപ്പിച്ചിരിക്കാം. കേരളത്തിലെ മുസ്ലീംങ്ങള്‍ മുഴുവന്‍ ലീഗുകാരല്ല. ലീഗിനെ മുന്നില്‍നിര്‍ത്തി സമുദായത്തെ മൊത്തത്തില്‍ വിമര്‍ശിക്കുമ്പോള്‍ ലീഗുകാരല്ലാത്ത മുസ്ലീങ്ങളുടെകൂടി നെഞ്ചിലാണ് അത് പതിക്കുന്നതെന്ന് സിപിഎം ഓര്‍ക്കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
മുസ്ലീം ലീഗ് യുഡിഎഫിന്റെ തലപ്പത്ത് വന്നാല്‍ എന്താണ് കുഴപ്പമെന്നും അതെങ്ങനെയാണ് മഹാ അപരാധമായി തീരുന്നതെന്നും മുഖപ്രസംഗം ചോദിക്കുന്നു. അടുത്തിടെയായി തെക്കന്‍ ജില്ലകളില്‍ മുസ്ലീംങ്ങള്‍ക്കെതിരേ വ്യാപകമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ദുഷ്പ്രചാരണങ്ങളില്‍ നിന്ന് കൂടുതല്‍ നേട്ടങ്ങളുണ്ടാക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് മുഖ്യമന്ത്രിയുടെ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യംവച്ചുള്ള പ്രസ്താവനയെന്നും സമസ്ത കുറ്റപ്പെടുത്തി.
1987ലെ തിരഞ്ഞെടുപ്പിലും സമാനമായ രീതിയില്‍ വര്‍ഗീയ കാര്‍ഡിളക്കി കളിച്ചവരാണ് സിപിഎമ്മുകാര്‍. എന്നാല്‍ അന്നത്തെ ആരോപണങ്ങള്‍ പ്രബുദ്ധ കേരളം തള്ളിക്കളഞ്ഞു. ഇപ്പോഴത്തെ കലങ്ങിയ രാഷ്ട്രീയ കാലാവസ്ഥയില്‍ സി.പി.എം മുഖ്യമന്ത്രിയെ ഓര്‍മിപ്പിക്കേണ്ടത് കേരളീയ രാഷ്ട്രീയാന്ധകാരത്തില്‍ ദിക്കറിയാതെ നട്ടംതിരിഞ്ഞുകൊണ്ടിരിക്കുന്ന ബി.ജെ.പിക്ക് വെളിച്ചമാകരുതെന്നാണ്.
കേരളം വര്ഗീയാഗ്നിയില് കത്തിച്ചാമ്പലാകുന്നതില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ സിപിഎം നേതാക്കളും മുഖ്യമന്ത്രിയും കൈയിലേന്തിയ തീപ്പന്തം ദൂരെ എറിയണമെന്ന് പറഞ്ഞുകൊണ്ടാണ് മുഖപ്രസംഗം അവസാനിപ്പിക്കുന്നത്