കാസർകോട് ടൗണിൽ കടകളുടെ ചുമരുതുരന്ന് കവർച്ച, പിന്നിൽ പ്രഫഷണൽ സംഘം. രാത്രികാല പട്രോളിങ് വർധിപ്പിക്കാൻ നിർദ്ദേശിച്ച് ഡിവൈഎസ് പി ബാലകൃഷ്ണൻ
കാസർകോട്: നഗരത്തിൽ പഴയ ബസ് സ്റ്റാൻഡിൽ കടകളുടെ ചുമരുതുരന്ന് കവർച്ച. രണ്ട് കടകളിൽ നിന്ന് പണം കവർന്നു. എം.ജി റോഡിലെ താഹിറ മെഡിക്കൽ ഷോപ്, കെ.ആർ പഴം-പച്ചക്കറി കടയിലുമാണ് മോഷണം നടന്നത്. ഇതിൻറെ പിന്നിൽ പ്രൊഫഷണൽ സംഘങ്ങളാണെന്നാണ് പോലീസ് സംശയിക്കുന്നത്.
മെഡിക്കൽ ഷോപ്പിലെ മേശവലിപ്പിൽ സൂക്ഷിച്ച 52,700 രൂപയും പച്ചക്കറി കടയിലെ മേശവലിപ്പിൽ സൂക്ഷിച്ച 6000 രൂപയുമാണ് കവർന്നത്.
ശനിയാഴ്ച രാവിലെ കടയിൽ എത്തിയ ജീവനക്കാർ ഷട്ടർ തുറന്നപ്പോഴാണ് വിവരം അറിയുന്നത്. പിറകുവശത്തെ ചുമര് തുരന്ന നിലയിൽ കണ്ടതോടെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഈ ഭാഗത്ത് സി.സി.ടി.വി കാമറകൾ ഇല്ലെന്ന് പൊലീസ് അറിയിച്ചു. അതേസമയം കൊള്ളസംഘത്തെ എത്രയും പെട്ടെന്ന് പിടികൂടുമെന്ന് കാസർകോട് ടൌൺ പോലീസ് സ്റ്റേഷൻ ഐ പി രാജേഷ് വ്യക്തമാക്കി. മാത്രമല്ല കാസർകോട് നഗരത്തിലും പരിസരപ്രദേശങ്ങളിലും പോലീസ് പട്രോളിംഗ് ശക്തമാക്കാനും ഡിവൈഎസ്പി പി ബാലകൃഷ്ണൻ നിർദ്ദേശിച്ചു.