ഗാന്ധിജിയുടെ മുന്നറിയിപ്പ് ശരി തന്നെ,അവർ ഏകാധിപത്യ വര്‍ഗീയ ശക്തിയാണ്, ആർ എസ് എസിനെ കടന്നാക്രമിച്ച് രാമചന്ദ്ര ഗുഹ
ന്യൂദല്‍ഹി: ആര്.എസ്.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രശസ്ത ചരിത്രകാരന് രാമചന്ദ്ര ഗുഹ. ഏകാധിപത്യ സ്വഭാവമുള്ള വര്‍ഗീയ ഗ്രൂപ്പായാണ് ആര്.എസ്.എസിനെ ഗാന്ധിജി കണക്കാക്കിയിരുന്നതെന്ന് രാമചന്ദ്ര ഗുഹ ദ സ്ക്രോളില്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
ഗാന്ധിയുടെ സെക്രട്ടറിയായിരുന്ന പ്യാരേലാല്‍ എഴുതിയ മഹാത്മ ഗാന്ധി: ദ ലാസ്റ്റ് ഫേസ് എന്ന പുസ്തകത്തിലാണ് ആര്.എസ്.എസിനോടുള്ള ഗാന്ധിജിയുടെ മനോഭാവം വ്യക്തമാക്കുന്ന വിവരണം നല്‍കിയിരിക്കുന്നത്. 1947ല്‍ ദല്‍ഹിയില്‍ ഗാന്ധിജി ചില പ്രവര്‍ത്തകരുമായി നടത്തുന്ന സംഭാഷണത്തെ കുറിച്ച് പ്യാരേലാല്‍ പറയുന്നുണ്ട്.
‘വാഹ് അഭയാര്‍ത്ഥി ക്യാംപില്‍ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ഗാന്ധിജിയുടെ പാര്‍ട്ടിയിലെ ചിലര്‍ പറഞ്ഞു. കൃത്യനിഷ്ഠയും ധൈര്യവും കാര്യശേഷിയുമുള്ള കഠിനാധ്വാനം ചെയ്യുന്നവരാണ് ഈ പ്രവര്‍ത്തകരെന്നും പറഞ്ഞു. മറുപടിയായി ഗാന്ധി പറഞ്ഞത് ഇതായിരുന്നു, ‘ഇതേ ഗുണങ്ങള്‍ ഹിറ്റ്ലറിന്റെ നാസികളിലും മുസോളിനിയുടെ ഫാഷിസ്റ്റുകളിലുമുണ്ടായിരുന്നു. അത് മറക്കരുത്. ഏകാധിപത്യ സ്വഭാവമുള്ള വര്‍ഗീയ ഗ്രൂപ്പായാണ് ഗാന്ധിജി ആര്.എസ്.എസിനെ വിശേഷിപ്പിച്ചിരുന്നത്.’ മഹാത്മാ ഗാന്ധി: ദ ലാസ്റ്റ് ഫേസില്‍ പറയുന്നു.
ഈ ഭാഗങ്ങള്‍ കൂടി ഉദ്ധരിച്ചുകൊണ്ടാണ് ആര്.എസ്.എസിന്റെ അജണ്ടക്കെതിരെ രാമചന്ദ്ര ഗുഹ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. 73 വര്‍ഷത്തിന് ശേഷവും ഗാന്ധിജി അന്നു പങ്കുവെച്ച കാഴ്ചപ്പാടുകളുടെ പ്രാധാന്യം നഷ്ടപ്പെട്ടില്ലെന്ന് രാമചന്ദ്ര ഗുഹ പറയുന്നു.
’73 വര്‍ഷത്തിനിപ്പുറം, ആര്.എസ്.എസിനെ കുറിച്ചുള്ള ഗാന്ധിജിയുടെ കാഴ്ചപ്പാടുകള്‍ക്ക് പ്രസക്തിയുണ്ടോ? തീര്‍ച്ചയായും ഉണ്ടെന്നു തന്നെ പറയേണ്ടി വരും. പക്ഷെ അദ്ദേഹം ഉപയോഗിച്ച വിശേഷണങ്ങളുടെ ക്രമത്തില്‍ മാറ്റം വരുത്തേണ്ടി വന്നേക്കാം. ഇപ്പോള്‍ ആര്.എസ്.എസ് വര്‍ഗീയ സ്വഭാവമുള്ള ഒരു ഏകാധിപത്യ ഗ്രൂപ്പാണ്. 1947ല്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ഏതോ അരികുകളില്‍ മാത്രമായി നിലനിന്നിരുന്ന ആര്.എസ്.എസ് 2020ലെത്തുമ്പോള്‍ വലിയ സ്വാധീനമുള്ള ഗ്രൂപ്പായി മാറിക്കഴിഞ്ഞു.’ രാമചന്ദ്ര ഗുഹ പറയുന്നു.
കേന്ദ്ര സര്‍ക്കാരിനെ നിയന്ത്രിക്കുന്ന ആര്.എസ്.എസുകാര്‍ മാധ്യമങ്ങളെയും ജുഡീഷ്യറിയും വരിഞ്ഞുകെട്ടി വെച്ചിരിക്കുകയാണ്. കൈക്കൂലി നല്‍കിയോ ഭീഷണിപ്പെടുത്തിയോ മറ്റു പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളുടെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. എന്‍.ജി.ഒകള്നിയന്ത്രിക്കാനുള്ള പുതിയ നിയമങ്ങള്‍ ഹിന്ദുത്വ ആശയങ്ങള്‍ പിന്തുടരാത്ത സന്നദ്ധ സംഘടനകളെ നിയന്ത്രിക്കാന്‍ മാത്രമായുള്ളതാണെന്നും രാമചന്ദ്ര ഗുഹ ചൂണ്ടിക്കാണിക്കുന്നു.
ആളുകള്‍ എന്ത് കഴിക്കണം, ധരിക്കണം, ആരെ വിവാഹം കഴിക്കണം എന്നീ കാര്യങ്ങളിലേക്ക് വരെ ആര്.എസ്.എസ് നിയന്ത്രണം നടത്തുകയാണ്. ഇത്തരത്തില്‍ സമൂഹത്തിന്റെ എല്ലാ മേഖലകളിലും നടത്തുന്ന ഈ നിയന്ത്രണം ഏകാധിപത്യ മനോഭാവത്തിന്റെ ഏറ്റവും മൂര്‍ത്തരൂപമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അധികാരത്തിന്റെ അതിരുകളിലാണെങ്കിലും ഹൃദയഭാഗത്താണെങ്കിലും ആര്.എസ്.എസ് അന്നും ഇന്നും ഏകാധിപത്യ സ്വഭാവമുള്ള വര്‍ഗീയ ഗ്രൂപ്പ് മാത്രമാണെന്നും രാമചന്ദ്ര ഗുഹ കൂട്ടിച്ചേര്‍ത്തു.