ചന്തയിൽ മുറുക്കാൻ വിൽപ്പന ഉപജീവനമാർഗം, കുടുംബശ്രീയിൽ സജീവം, വി.എസ്. ആശ ഇനി
ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ്
അടൂർ: മുറുക്കാൻ വിൽപന ഉപജീവനമാർഗമാക്കിയ വി.എസ്.ആശ ഇനി ഏഴംകുളം പഞ്ചായത്ത് പ്രസിഡണ്ടാകും. പട്ടികജാതി സംവരണമായ 18–ാം വാർഡിൽ നിന്നാണ് എൽഡിഎഫ് സ്ഥാനാർഥി ആശ ജയിച്ചു കയറിയത്. അടൂർ ശ്രീമൂലം, പറക്കോട് അനന്തരാമപുരം ചന്തകളിലാണ് വെറ്റില മുറുക്ക് സാധനങ്ങളുടെ വിൽപന നടത്തിവരുന്നത്. അതോടൊപ്പം കുടുംബശ്രീ സജീവ പ്രവർത്തക കൂടിയാണ് ആശ.
എൽഡിഎഫിനു ഭരണം ലഭിച്ച ഏഴംകുളം പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്. പഞ്ചായത്തിലെ 3, 18 വാർഡുകളായിരുന്നു സംവരണം. 3–ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി പരാജയപ്പെട്ടു. കഴിഞ്ഞ ദിവസവും ശ്രീമൂലം ചന്തയിൽ സജീവമായിരുന്നു ആശ. ഭർത്തൃ മാതാവ് ശാരദയായിരുന്നു നേരത്തേ കച്ചവടം നടത്തിയിരുന്നത്. ശാരദയ്ക്കു സുഖമില്ലാതായതോടെ 6 വർഷം മുൻപ് ആശ കച്ചവടം ഏറ്റെടുത്തു.
ചുണ്ണാമ്പ് വീട്ടിൽ ഉണ്ടാക്കുകയാണ്. വെറ്റിലയും പാക്കും മൊത്തക്കച്ചവടക്കാരിൽ നിന്ന് വാങ്ങും. പെയിന്റിങ് തൊഴിലാളിയായ ഭർത്താവ് അറുകാലിക്കൽ പടിഞ്ഞാറ് വേലൻപറമ്പിൽ വീട്ടിൽ മണിക്കുട്ടനും മക്കളായ അനൂപും അമലും സഹായത്തിന് ഒപ്പമുണ്ട്. 18–ാം വാർഡിലെ കസ്തൂർബ (ബി) കുടുംബശ്രീ അയൽക്കൂട്ടത്തിന്റെ സെക്രട്ടറിയാണ്. ഈ വാർഡിലെ പഞ്ചായത്തംഗമായിരുന്ന മോഹൻ നായരാണ് ആശയെ തിരഞ്ഞെടുപ്പു ഗോദയിലേക്ക് കൊണ്ടുവരുന്നത്. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമ്പോൾ കച്ചവടം ഭർത്താവിനെയും മക്കളെയും ഏൽപിക്കുമെന്നാണ് ആശ പറയുന്നത്.