നേതൃമാറ്റം കോൺഗ്രസിന്റെ ആഭ്യന്തര കാര്യം; ലീഗ് ഇടപെടില്ലെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: കോൺഗ്രസിന്റെ നേതൃമാറ്റത്തിൽ ഇടപെടില്ലെന്ന് മുസ് ലിം ലീഗ്. കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട കാര്യം ലീഗിനില്ല. മുന്നണിയുടെ മൊത്തത്തിലുള്ള പ്രവർത്തനങ്ങളെ കുറിച്ച് ഘടകകക്ഷി എന്ന നിലയിൽ ലീഗ് പറയും. യു.ഡി.എഫിലുള്ള പ്രശ്നങ്ങൾ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പരിഹരിക്കപ്പെടുമെന്നും ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിഭാഗീയത സൃഷ്ടിക്കുക എന്ന ഉദ്ദേശമാണ് മുഖ്യമന്ത്രിക്കുള്ളത്. തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ സി.പി.എമ്മിൽ നേതൃമാറ്റം ഉണ്ടായത് എൽ.ഡി.എഫിലെ ഘടകകക്ഷി പറഞ്ഞിട്ടാണെന്ന് താൻ പറഞ്ഞാൽ എങ്ങനെ ഉണ്ടാവുമെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
സംവരണം വെച്ച് വിഭാഗീയത സൃഷ്ടിക്കാൻ ഇടതുപക്ഷം ശ്രമിക്കുകയാണ്. ഇതുവരെ ഇല്ലാത്ത സ്നേഹം തെരഞ്ഞെടുപ്പ് അടുത്തപ്പോൾ എങ്ങനെയാണ് ഉണ്ടായത്. അഞ്ച് വർഷം ഭരിച്ചിട്ട് ഇപ്പോഴാണ് സംവരണം സംബന്ധിച്ച അഭിപ്രായം ഇടതുപക്ഷം പറയുന്നതെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
വാർഡ് തലത്തിലെ വോട്ട് കണക്ക് പരിശോധിച്ചാൽ സർക്കാറിനെതിരെയാണ് ജനങ്ങൾ വിധിയെഴുതിയതെന്ന് മനസിലാകും. നിയമസഭ തെരഞ്ഞെടുപ്പിൽ സർക്കാറിനെതിരെ ജനങ്ങൾ വോട്ട് ചെയ്യും. നൂറിലധികം സീറ്റ് നേടി യു.ഡി.എഫ് വിജയിക്കും. യു.ഡി.എഫ് ആണ് നല്ലതെന്ന വിധിയെഴുത്ത് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നടത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എസ്.ഡി.പി.ഐ-എൽ.ഡി.എഫ് സഖ്യം എന്ന് പറയുന്നത് പോലെയെ ഉള്ളൂ വെൽഫെയർ പാർട്ടി-യു.ഡി.എഫ് സഖ്യം. മലപ്പുറം അടക്കമുള്ള മണ്ഡലങ്ങളിൽ എസ്.ഡി.പി.ഐയുമായി എൽ.ഡി.എഫ് സഖ്യത്തിലാണ്. സ്വതന്ത്ര സ്ഥാനാർഥികളെ എൽ.ഡി.എഫും എസ്.ഡി.പി.ഐയും പരസ്പരം പിന്തുണ നൽകിയിട്ടുണ്ട്. സമാനരീതിയിൽ പ്രാദേശിക തലത്തിൽ യു.ഡി.എഫ്-വെൽഫെയർ പാർട്ടി സഖ്യം ഉണ്ടായിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള വാർത്തകൾക്ക് മാധ്യമങ്ങൾ കൂടുതൽ പ്രാധാന്യം നൽകി. ഈ ചർച്ചക്ക് യാതൊരു പ്രസക്തിയും ഇല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.