മുന്‍സിപ്പാലിറ്റിയിലും മാര്‍ക്കറ്റിലും വെക്കേണ്ടതല്ല ശ്രീരാമന്റെ പടം രാധാകൃഷ്ണ മേനോന്
ശ്രീ രാമനെചൊല്ലി ബിജെപിയിൽ പോര്
കോട്ടയം : വിജയാഹ്ലാദ പ്രകടനത്തിനിടെ പാലക്കാട്ടെ നഗരസഭാ കെട്ടിടത്തിനു മുകളില്‍ ജയ്ശ്രീറാം ബാനറുയര്ത്തിയതില് ബിജെപിക്കുള്ളിലും അതൃപ്തി. ശ്രീരാമന്റെ ചിത്രം വെക്കേണ്ടത് ചന്തയിലോ ഭരണഘടനാ സ്ഥാപനങ്ങളിലോ അല്ലെന്ന് ബി. രാധാകൃഷ്ണ മേനോന് പറഞ്ഞു. സംസ്ഥാനത്ത് പ്രതീക്ഷിച്ച വിജയം നേടാനാകാത്തതിനെക്കുറിച്ച് നേതൃത്വം ആത്മ പരിശോധന നടത്തണമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ശ്രീരാമന്റെ ബാനര്‍ ഉയര്‍ത്തിക്കാട്ടിയുള്ള ബിജെപിയുടെ വിജയാഹ്ലാദ പ്രകടനം വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് നടപടിയെ വിമര്‍ശിച്ച് ബിജെപി നേതാവ് തന്നെ രംഗത്ത് വന്നിരിക്കുന്നത്. പാലക്കാട്ടെ പ്രവര്‍ത്തകരുടേത് അപക്വമായ പെരുമാറ്റമായിപ്പോയെന്ന് ബി രാധാകൃഷ്ണ മേനോന് പ്രതികരിച്ചു. അതേസമയം ജയ്ശ്രീറാം ബാനറുയര്ത്തിയതിനെ ന്യായീകരിച്ചുകൊണ്ടുള്ള പ്രതികരണമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നടത്തിയത്.
‘വിജയിച്ച മുന്‍സിപ്പാലിറ്റിയുടെ മുന്നില്‍ ശ്രീരാമന്റെ പടം വെക്കണോ എന്ന് ചോദിച്ചാല്‍ അത് മുന്‍സിപ്പാലിറ്റിയിലും മാര്‍ക്കറ്റിലും വെക്കേണ്ടതാണെന്ന അഭിപ്രായം എനിക്കില്ല. അത് പക്വത കുറവ് കൊണ്ട് ചെയ്യുന്നതാണ്. അല്ലാതെ സംഘടനാ നേതൃത്വം അങ്ങനെ ചെയ്യുമെന്ന് കരുതിന്നില്ല’, രാധാകൃഷ്ണ മേനോന് പറഞ്ഞു.
ആത്മപരിശോധനയുടെ അവസരമാണിത്. തിരഞ്ഞെടുപ്പിന് മുമ്പ് പരസ്യമായി പറയുന്നത് ശരിയല്ല. തിരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാത്തത് ചിലയിടങ്ങളിലെങ്കിലും പ്രതിഫലിച്ചിട്ടുണ്ടാവണം എന്നും രാധാകൃഷ്ണ മേനോന് പറഞ്ഞു.
നിലവിലെ രാഷ്ട്രീയ സ്ഥിതി വിലയിരുത്താന്‍ സംഘപരിവാര്‍ സംഘനകളുടെ യോഗം ഇന്ന് ചേരാനിരിക്കെയാണ് പാര്‍ട്ടി നേതൃത്വത്തിനെതിരേയുള്ള രാധാകൃഷ്ണ മേനോന്റെ വിമര്‍ശനം.