കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂര്‍ കോര്‍പ്പറേഷനിലെ രണ്ട് ജീവനക്കാര്‍ പിടിയില്‍
കണ്ണൂര്‍: കൈക്കൂലി വാങ്ങുന്നതിനിടയില്‍ രണ്ട് കോര്പ്പറേഷന് ജീവനക്കാര്‍ പിടിയിലായി. കണ്ണൂര്‍ കോര്‍പ്പറേഷനിലെ എടക്കാട് മേഖലാ ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് ഓവര്‍സീയര്‍ രമേശ് ബാബു (52), ഡ്രൈവര്‍ എടക്കാട് നടാലിലെ പ്രജീഷ് (38) എന്നിവരാണ് പിടിയിലായത്.
അലവില്‍ സ്വദേശി സഞ്ജയ്കുമാറാണ് പരാതി നല്‍കിയത്. ഭാര്യ സഹോദരിയുടെ പേരില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ സഞ്ജയ് കുമാര്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അപേക്ഷ നല്‍കിയിരുന്നു. അപേക്ഷയുടെ തുടര്‍നടപടികള്‍ക്കായി പലതവണ ഓഫീസില്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.
ഉദ്യോഗസ്ഥന് കൈക്കൂലിയായി 5000 രൂപ ആവശ്യപ്പെട്ടതോടെ സഞ്ജയ് കുമാര്‍ വിജിലന്‍സിനെ സമീപിച്ചു. തുടര്‍ന്ന് വിജിലന്‍സ് ഇയാളെ 500 ന്റെ 10 നോട്ടുകള്‍ ഏല്‍പ്പിച്ചു. പണം ഡ്രൈവര്‍ പ്രജീഷിനെ ഏല്‍പ്പിക്കാന്‍ ആയിരുന്നു രമേശ് ബാബു നിര്‍ദ്ദേശിച്ചിരുന്നത്.
പ്രജീഷിന് ആദ്യം വിളിച്ചപ്പോള്‍ പണവുമായി താണയില്‍ എത്താന്‍ ആവശ്യപ്പെട്ടു. സഞ്ജയ് കുമാര്‍ താണയിലെത്തി വിളിച്ചപ്പോള്‍ ശ്രീപുരം സ്കൂളിന് സമീപത്തു വരാന്‍ പറഞ്ഞു. അവിടെവച്ചാണ് വിജിലന്‍സ് നല്കിയ 5000 രൂപ സഞ്ജയ് കുമാര്‍ പ്രജീഷിന് നല്‍കിയത്. പണം കിട്ടിയ ഉടനെ ഡ്രൈവര്‍ പ്രജീഷ് ഇടക്കാട് ഓഫീസിലേക്ക് വിളിച്ച് അറിയിച്ചു. അപ്പോഴേക്കും മറഞ്ഞുനിന്ന വിജിലന്‍സ് സംഘം ഇയാളെ പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ രമേശ് ബാബുവിനുവേണ്ടിയാണ് പണം വാങ്ങിയതെന്ന് പ്രജീഷ് മൊഴി നല്കി. കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി. ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജീവനക്കാരെ വിദഗ്ധമായി കുടുക്കിയത്.