കൊടുവളളിയിൽ യു ഡി എഫ് സ്ഥാനാർത്ഥിയുടെ ആഹ്ലാദ പ്രകടനം നയിച്ചത് സ്വർണക്കടത്ത് കേസ് പ്രതി , വാർത്തയുമായി കേരള കൗമുദി
മലപ്പുറം: കൊടുവളളിയിൽ യു ഡി എഫ് സ്ഥാനാർത്ഥിയുടെ ആഹ്ളാദപ്രകടനം നയിച്ചത് സ്വർണക്കടത്ത് കേസിലെ പ്രതി അബുലൈസ്. മോഡേൺ ബസാറിൽ നിന്ന് ജയിച്ച ലീഗ് സ്വതന്ത്ര സ്ഥാനാർത്ഥി പി കെ സൂബൈറിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചതും അബുലൈസാണെന്നാണ് സൂചന. കരിപ്പൂർ കേന്ദ്രീകരിച്ച് 39 കിലോ സ്വർണം കടത്തിയ കേസിൽ പ്രതിയാണ് അബുലൈസ്.കരിപ്പൂർ വഴി 39 കിലോ സ്വർണം കടത്തിയ കേസിൽ ഒളിവിൽ പോയ അബുലൈസ് പിന്നീട് കോഫേപോസ കേസിൽ പ്രതിയായി ജയിലിലായിരുന്നു. കൊടുവളളിയിൽ ഇടതുമുന്നണി സ്ഥാനാർത്ഥി കാരാട്ട് ഫൈസലിന്റെ സ്വർണക്കടത്ത് ബന്ധം നേരത്തെ വിവാദമായിരുന്നു. ഇതേക്കുറിച്ച് നിരവധി ആരോപണങ്ങൾ ഉന്നയിച്ച യുഡിഎഫും സ്വർണക്കടത്തുകാരുമായി അടുത്ത ബന്ധം പുലർത്തുന്നതിന്റെ തെളിവാണ് അബുലൈസ് ആഹ്ലാദ പ്രകടനം നയിച്ചതിന്റെ ദൃശ്യങ്ങൾ. അബുലൈസ് പ്രകടനം നയിച്ച സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ലീഗ് നേതാക്കൾ തയ്യാറായില്ല.ജീപ്പിന് മുകളിലിരുന്നാണ് അബുലൈസ് വിജയാഘോഷത്തിൽ പങ്കെടുത്തതെന്നാണ് ദൃശ്യങ്ങൾ നൽകുന്ന തെളിവ്. യു ഡി എഫ് ധാരണ അനുസരിച്ച് മോഡേൺബസാർ വാർഡിലെ സ്ഥാനാർത്ഥി കോൺഗ്രസിലെ നൂർ മുഹമ്മദായിരുന്നു. നൂർമുഹമ്മദ് പിൻവാങ്ങുകയും ലീഗിലെ പി കെ സുബൈർ സ്ഥാനാർത്ഥായാവുകയും ചെയ്തപ്പോൾ തന്നെ ദൂരൂഹതയുണ്ടായിരുന്നു. നൂർ മുഹമ്മദ് പിൻമാറിയതിന് പിന്നിൽ സാമ്പത്തിക പ്രലോഭനമാണെന്നും ആരോപണമുയർന്നിരുന്നു. ഫലപ്രഖ്യാപനത്തോടെ ഇതിന് പിന്നിൽ പ്രവർത്തിച്ചതാരെന്ന് സൂചന നൽകുന്നതാണ് പരസ്യമായി അബുലൈസിന്റെ ആഹ്ളാദ പ്രകടനം.