കോഴിക്കോട്: ഒരു കുടുംബത്തിലെ ആറുപേരുടെ ദുരൂഹ മരണത്തില്‍ കൊലപാതക സാദ്ധ്യത തള്ളാതെ റൂറല്‍ എസ്.പി. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഇത് അന്വേഷണത്തെ കൂടുതല്‍ സഹായിക്കുമെന്ന് റൂറല്‍ എസ്.പി കെ.ജി സൈമണ്‍ പറഞ്ഞു. മരിക്കുന്നതിന് തൊട്ടുമുമ്ബ് ആറ് പേരും ഒരേ തരം ഭക്ഷണമാണ് കഴിച്ചത്. ഇപ്പോള്‍ ലഭിച്ച തെളിവുകളില്‍ വ്യക്തത വരുത്തുന്നതിനാണ് കല്ലറ തുറന്നു പരിശോധിച്ചത്. നിലവില്‍ ആരെയെങ്കിലും ലക്ഷ്യമിട്ടുള്ള അന്വേഷണമല്ല നടക്കുന്നത്. എല്ലാ തെളിവുകളും ശേഖരിച്ച് അന്വേഷണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഒരു കുടുംബത്തിലെ ആറ് പേരുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ഇന്ന് കൂടത്തായിയിലെ ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്. ഇതിനുള്ള ഉത്തരം തേടിയാണ് പള്ളി സെമിത്തേരിയിലെ കല്ലറകള്‍ തുറക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനമെടുത്തത്. 2011 സെപ്തംബറില്‍ മരണപ്പെട്ട പൊന്നാമറ്റം റോയി തോമസിന്റെ സഹോദരന് ഈ മരണങ്ങളുടെയൊക്കെ അസ്വാഭാവികത സംബന്ധിച്ച പരാതി ഉന്നയിക്കുന്നതുവരെ നാട്ടുകാരുടെ ചിന്തയില്‍ ഇങ്ങനെയൊരു വിഷയമേ ഉണ്ടായിരുന്നില്ല.
2002നും 2016നും ഇടയില്‍ സംഭവിച്ച ആറ് മരണങ്ങളും ഒരേ രീതിയിലുള്ളതായിരുന്നുവെന്ന് പലരും മറന്നുതുടങ്ങിയതാണ്. എന്നാല്‍ ഇപ്പോള്‍ ആ രഹസ്യത്തിന്റെ ചുരുളഴിയാന്‍ ശ്വാസമടക്കി കാത്തിരിക്കുകയാണ് പലരും. റോയി തോമസിന് പുറമെ പിതാവ് ടോം തോമസ്, മാതാവ് അന്നമ്മ, അന്നമ്മയുടെ സഹോദരന് മാത്യു മഞ്ചാടി, ഇവരുടെ ബന്ധുക്കളായ ഒരു യുവതിയും രണ്ട് വയസുള്ള കുഞ്ഞുമാണ് തുടര്‍ച്ചയായി മരണപ്പെട്ടത്.
അന്നമ്മയുടെ മരണമാണ് ഇക്കൂട്ടത്തില്‍ ആദ്യത്തേത്. അദ്ധ്യാപികയായിരുന്ന ഇവര്‍ 2002 ആഗസ്റ്റില്‍ കുഴഞ്ഞുവീണ് മരിച്ചു. 2008 ആഗസ്റ്റില്‍ വിദ്യാഭ്യാസ വകുപ്പില്‍ ജൂനിയര്‍ സൂപ്രണ്ടായി വിരമിച്ച അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസും ഇതേരീതിയില്‍ കുഴഞ്ഞുവീണ് മരണപ്പെട്ടു. ഇതിന് ശേഷം 2010ലാണ് അന്നമ്മയുടെ സഹോദരന് മാത്യുവിന്റെ മരണം. തുടര്‍ന്ന് റോയ് തോമസും. ഇതിന് ശേഷം 2016 വരെയുള്ള കാലയളവിനുള്ളിലാണ് യുവതിയുടെയും എല്ലാവരുടെയും പോലെ കുഴഞ്ഞുവീണുള്ള മരണം. കുഞ്ഞും മരണപ്പെട്ടു.
ഇതില്‍ റോയി തോമസിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. അന്നു സയനൈഡ് ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്ന നിഗമനത്തിലെത്തിയെങ്കിലും ഇതുസംബന്ധിച്ചും കാര്യമായ അന്വേഷണമുണ്ടായില്ല. ഒടുവില്‍ ലോക്കല്‍ പൊലീസില്‍ നിന്നും കേസ് ഡി.ഐ.ജിയുടെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് റൂറല്‍ ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ചിലേക്ക് നീങ്ങിയതോടെയാണ് അന്വേഷണത്തിന് ചൂടേറിയത്.
നാല് മൃതദേഹങ്ങള്‍ കൂടത്തായി ലൂര്‍ദ്ദ് മാതാ പള്ളി സെമിത്തേരിയിലും രണ്ടെണ്ണം കോടഞ്ചേരി പള്ളി സെമിത്തേരിയിലുമാണ് അടക്കംചെയ്തത്. കുഴഞ്ഞുവീണുള്ള അന്നമ്മയുടെയും ടോംതോമസിന്റെയും മരണം ഹൃദയാഘാതമായാണ് എല്ലാവരും കരുതിയിരുന്നത്. റോയി തോമസ് മരിച്ചപ്പോള്‍ വിഷം അകത്തുചെന്നിരുന്നുവെന്ന വിവരം ലഭിച്ചതോടെ ഇത് ആത്മഹത്യയെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍, എന്തിനാണ് റോയി ആത്മഹത്യ ചെയ്തതെന്ന കാര്യം ഇന്നും ആര്‍ക്കുമറിയില്ല. കൂടാതെ സയനൈഡ് അകത്തുചെന്നിട്ടുണ്ടെങ്കില് ഇത് എവിടെ നിന്ന് ലഭിച്ചുവെന്ന ചോദ്യം ഏറ്റവും പ്രധാനമാണ്. ഈ കേസില്‍ അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുപോകാത്തത് എന്തുകൊണ്ടായിരുന്നുവെന്ന ചോദ്യം നാട്ടുകാരുയര്ത്തുന്നുണ്ട്. കൂടാതെ കേസില്‍ പരാതികള്‍ വൈകിയതിന് പിന്നിലെ കാരണവും അന്വേഷണ പരിധിയിലുണ്ടെന്ന് ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഹരിദാസ് പറഞ്ഞു. നിരവധി പേരെ ഇതുസംബന്ധിച്ച് ചോദ്യംചെയ്തിട്ടുണ്ട്. ചിലര്‍ നിരീക്ഷണത്തിലുമാണ്. മൃതദേഹാവശിഷ്ടങ്ങളുടെ പരിശോധന കൂടി പൂര്‍ത്തിയാക്കുന്നതോടെ സംഭവങ്ങളുടെ ചുരുളഴിയുമെന്നാണ് പ്രതീക്ഷ. എസ്.പി കെ.ജി സൈമണിന്റെ നിയന്ത്രണത്തില്‍ അഡീഷണല്‍ എസ്.പി സുബ്രഹ്മണ്യന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടന്നുവരുന്നത്.