ആവേശം അലതല്ലും, മുഖ്യമന്ത്രിയുടെ കേരള പര്യടനം ചരിത്രമാകുംകാസര്കോട്ട് ഡിസംബര്‍ 26 ന് വൈകിട്ട് 4 ന്
തിരുവനന്തപുരം:
തദ്ദേശ തെരഞ്ഞെടുപ്പിലെ വന്‍ ജനകീയാംഗീകാരത്തിന് പിന്നാലെ നവകേരള സൃഷ്ടിക്കായുള്ള മുന്നേറ്റത്തിന്റെ വിജയത്തുടര്‍ച്ചക്ക് നാന്ദികുറിച്ച് എല്‍ഡിഎഫ്. മുഖ്യമന്ത്രി പിണറായി വിജയന് 14 ജില്ലകളിലും സന്ദര്‍ശനം നടത്തി സമഗ്രമായ തുടര്‍വികസന കാഴ്ചപ്പാട് രൂപീകരിക്കും. ചൊവ്വാഴ്ച രാവിലെ കൊല്ലത്തുനിന്നാണ് സന്ദര്‍ശനത്തിന് തുടക്കം. ഇതിനായുള്ള പരിപാടികള്‍ക്കും പ്രചാരണങ്ങള്‍ക്കും എല്‍ഡിഎഫ് യോഗം പ്രാഥമിക രൂപം നല്കി.
സംസ്ഥാനത്തെ വിഭവ വിനിമയത്തെക്കുറിച്ചും വികസന ആശയങ്ങളുമായി ബന്ധപ്പെടുത്തിയും വിവിധ തലങ്ങളിലുള്ളവരുമായി ആശയവിനിമയം നടത്തും. അനുഭവസമ്പത്തുള്ള പ്രമുഖരെ ചര്‍ച്ചയില്‍ പ്രത്യേകം പങ്കെടുപ്പിക്കും. ഭാവി കേരളത്തെക്കുറിച്ച് എല്‍ഡിഎഫ് കാഴ്ചപ്പാട് രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച. കോവിഡ് സാഹചര്യത്തിന്റെ പരിമിതിയുള്ളതിനാലാണ് എല്ലാ ജില്ലകളും സന്ദര്‍ശിച്ച് മുഖ്യമന്ത്രി ആശയവിനിമയം നടത്തുന്നത്.
സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിവച്ച വികസനത്തിന്റെയും ജനക്ഷേമപദ്ധതികളുടെയും പൂര്‍ത്തീകരണത്തിന് വിജയത്തുടര്‍ച്ച പ്രധാനമാണെന്ന് എല്‍ഡിഎഫ് യോഗം വിലയിരുത്തിയതായി കണ്‍വീനര്‍ എ വിജയരാഘവന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്ലാ തലത്തിലും എല്‍ഡിഎഫിന് വലിയ മുന്നേറ്റം നേടാനായി. 1990നുശേഷം ആദ്യമായാണ് അധികാരത്തിലുള്ള സര്‍ക്കാറിന് അനുകൂലമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയമുണ്ടാകുന്നത്. ഭരണവിരുദ്ധ വികാരം ദൃശ്യമായില്ല. വിജയത്തുടര്ച്ചയുണ്ടായതാണ് വലിയ സവിശേഷത. സര്‍ക്കാരിന്റെ നയങ്ങള്‍ക്കും പ്രവര്‍ത്തനത്തിനുമുള്ള വലിയ അംഗീകരമാണ് തെരഞ്ഞെടുപ്പ് ഫലമെന്നും യോഗം വിലയിരുത്തി.
കേരളത്തില്‍, വര്‍ഗീയ ധ്രുവീകരണത്തിന് വലിയ പരിശ്രമം നടന്ന തെരഞ്ഞെടുപ്പാണിത്. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയത അതിന് ശ്രമിച്ചു. ഇത് രണ്ടിന്റെയും ഗുണഫലം പങ്കുവയ്ക്കാന്‍ യുഡിഎഫും ബിജെപിയും ശ്രമിച്ചു. ബിജെപിക്കൊപ്പവും മുസ്ലിം വര്‍ഗീയവാദ ശക്തികള്ക്കൊപ്പവുംനിന്ന് വിജയിക്കാമെന്ന വളഞ്ഞ വഴിയാണ് യുഡിഎഫ് നോക്കിയത്. മതനിരപേക്ഷതയെ വെല്ലുവിളിച്ച് സാമുദായിക വര്‍ഗീയ ധ്രുവീകരണത്തെ വിജയത്തിന് ഉപയോഗിക്കാനുള്ള യുഡിഎഫിന്റെ ശ്രമംകൂടിയാണ് പരാജയപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി അത്യന്തം അപകടകരമായ ശക്തിയാണ്. പരിഷ്കൃതസമൂഹത്തിന്റെ നിലപാടില്ലാത്ത അവര്‍ ശക്തിപ്പെടാതിരിക്കുക നാടിന്റെ പൊതുതാല്‍പ്പര്യമാണ്. ബിജെപിക്കെതിരെ ഒരു വാക്കും യുഡിഎഫ് ഉച്ഛരിച്ചില്ല. എല്‍ഡിഎഫ് വിജയം രാജ്യത്തെ കര്‍ഷക പ്രക്ഷോഭത്തിനും ബിജെപി നയങ്ങള്‍ക്കെതിരായ പോരാട്ടത്തിനും ശക്തിപകര്‍ന്നിട്ടുണ്ടെന്നും വിജയരാഘവന് പറഞ്ഞു