തദ്ദേശ പരാജയം; നീലേശ്വരം ലീഗിൽ നിന്ന് സികെകെ മാണിയൂരും ഇബ്രാഹിം പറമ്പത്തും രാജിക്കത്ത് നൽകി, ഇരുവരെയും ചാക്കിലാക്കാൻ സിപിഎം
നീലേശ്വരം: നഗരസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത പരാജയത്തെ തുടർന്ന് മുസ്ലിംലീഗ് നീലേശ്വരം മുനിസിപ്പൽ പ്രസിഡണ്ട് സികെകെ മാണിയൂർ, ജനറൽ സെക്രട്ടറി ഇബ്രാഹിം പറമ്പത്ത് എന്നിവർ തത്സ്ഥാനങ്ങൾ രാജി വെച്ചതായി അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി തൃക്കരിപ്പൂർ മണ്ഡലം കമ്മറ്റിക്കാണ് രാജി കത്ത് നൽകിയത്. എന്നാൽ മണ്ഡലം കമ്മറ്റി ഇതുവരെ രാജി സ്വീകരിക്കാൻ തയ്യാറായിട്ടില്ല.
തിരഞ്ഞെടുപ്പ് കാലത്ത് ചിലർ സ്വീകരിച്ച സമീപനമാണ് രാജിക്കിടയാക്കിയതെന്ന് നേതാക്കൾ വ്യക്തമാക്കി.
അതേ സമയം, സികെകെ മാണിയൂർ മുനിസിപ്പൽ യുഡിഎഫിന്റെ ചെയർമാൻ കൂടിയാണ്. ഈ സ്ഥാനത്തു നിന്നും രാജി വെച്ചതായും റിപ്പോർട്ടുണ്ട്. കഴിഞ്ഞ തവണ നഗരസഭയിൽ 13 സീറ്റുണ്ടായിരുന്ന യുഡിഎഫ് ഇക്കുറി രണ്ടക്കം തികക്കാനാവാതെ 9 സീറ്റിലേക്ക് ചുരുങ്ങിയത് പ്രവർത്തകർക്കിടയിൽ വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. മുസ്ലിംലീഗിന്റെ സിറ്റിംഗ് സീറ്റും പതിറ്റാണ്ടുകളോളമായി യുഡിഎഫ് കൈവശം വെച്ചിരുന്നതുമായ തൈക്കടപ്പുറം ഇരുപത്തി ആറാം വാർഡിൽ എസ്ഡിപിഐ അട്ടിമറി വിജയം നേടിയതും അണികൾക്കിടയിൽ നേതൃത്വത്തിനെതിരെ വികാരമുണ്ടാക്കിയിട്ടുണ്ട്.
അതിനിടെ നീലേശ്വരം ലീഗിൽ വിഘടിച്ചു നിൽക്കുന്നവരെ വശത്താക്കാൻ സിപിഎം നീക്കം തുടങ്ങിയതായും അഭ്യൂഹമുണ്ട്. ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷനിൽ കോണ്ഗ്രസ് വിട്ട ഷാനവാസ് പാതൂർ
വിജയിച്ചതിന് പിന്നാലെ കൂടുതൽ പേർ യു ഡി എഫ് പാർട്ടികൾ വിട്ട് സിപിഎമ്മോളെത്തിമെന്നാണ് സൂചന.