പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്ക് തടയിടാന്‍
സി വിജില്‍ ആപ്പ്
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം വോട്ടര്‍മാര്‍ക്കു തന്നെ തടയാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ സിറ്റിസണ്‍സ് വിജില്‍ (സി വിജില്‍) ജില്ലയില്‍ പ്രവര്‍ത്തന സജ്ജമായി. മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ചട്ടലംഘനം മിനിറ്റുകള്‍ക്കുള്ളില്‍ റിട്ടേണിങ് ഓഫിസറുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ കഴിയും വിധത്തിലാണ് ആപ്പ് സജ്ജീകരിച്ചിരിക്കുന്നത്. കളക്ടറേറ്റിലെ കണ്ട്രോള് റൂമിലാണ് സി വിജിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ സൗജന്യമായി ലഭിക്കുന്ന സി വിജില്‍ ആപ്പ് മൊബൈലില്‍ ഇന്‍സ്റ്റോള്‍ ചെയ്യണം. പരാതി തെളിയിക്കുന്നതിനുള്ള ഫോട്ടോയോ/രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയോ (തല്സമയത്തേത്) ആപ്പിലെ സംവിധാനം ഉപയോഗപ്പെടുത്തി സമര്പ്പിക്കുണം. ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉപയോഗിച്ച് ചട്ടലംഘനം നടന്ന സ്ഥലം കണ്ടെത്താനാകും. പരാതി അപ്ലോഡ് ചെയ്തു കഴിയുന്നതോടെ ഒരു യുണീക് ഐഡി ലഭിക്കും. ഇതിലൂടെ ഇതിന്റെ ഫോളോ അപ്പ് മൊബൈലില്‍ തന്നെ ട്രാക്ക് ചെയ്യാന്‍ വോട്ടര്‍ക്കു കഴിയും. ഒരാള്‍ക്ക് ഒന്നിലധികം ചട്ട ലംഘനം റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.
പരാതിക്കാരന്റെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ആപ്പിന്റെ ദുരുപയോഗം തടയുന്നതിനുള്ള ഫീച്ചറുകള്‍ ഇതില്‍ തന്നെയുണ്ട്. പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഫോട്ടോ/ വീഡിയോ എടുത്തതിന് ശേഷം സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ അഞ്ചു മിനിറ്റ് ലഭിക്കും. നേരത്തെ റെക്കോഡ് ചെയ്ത വീഡിയോയും പഴയ ഫോട്ടയും അപ്ലോഡ് ചെയ്യാന്‍ സാധിക്കില്ല. ആപ്പ് വഴി നല്കുന്ന പരാതി കണ്ട്രോള് റൂമില്‍ ലഭിക്കുകയും ഇവിടെ നിന്നും ആന്റി ഡിഫേസ്മെന്റ് സ്ക്വാഡിന് കൈമാറുകയും ചെയ്യും. പരാതി യാഥാര്‍ത്ഥ്യമാണെങ്കില്‍ സ്വീകരിച്ച നടപടികളെ കുറിച്ച് 100 മിനുറ്റിനകം പരാതിക്കാരന് മറുപടി ലഭിക്കും.