കിഴക്കമ്ബലം : കൊച്ചിയില്‍ കിഴക്കമ്ബലം പഞ്ചായത്തില്‍ പതിമൂന്നാം വാര്‍ഡില്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ എതിര് പാര്‍ട്ടിക്കാരുടെ മര്‍ദ്ദനത്തിനിരയായ ദമ്ബതികള്‍ക്ക് ട്വന്റി 20യുടെ ആദരം. ഒരു ലക്ഷം രൂപ നല്‍കിയാണ് ദമ്ബതികളായ പ്രിന്റുവിനെയും ബ്രിജിതയെയും ട്വന്റി 20 ചീഫ് കോര്‍ഡിനേറ്ററും അന്നാകിറ്റക്സ് എം ഡിയുമായ സാബു ജേക്കബിന്റെ നേതൃത്വത്തില്‍ ആദരിച്ചത്.
പതിനഞ്ച് വര്‍ഷമായി കിഴക്കമ്ബലത്ത് വാടക വീട്ടില്‍ താമസിച്ചിരുന്ന ദമ്ബതികള്‍ക്ക് വോട്ട് ചെയ്യുവാനുള്ള എല്ലാ രേഖകളും ഉണ്ടായിട്ടും സി പി എം പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചിരുന്നില്ല. ബൂത്തിന് മുന്പില് വച്ച് ദമ്ബതികളെ ക്രൂരമായി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. അക്രമം നേരിട്ടിട്ടും വോട്ട് ചെയ്യാന്‍ ധൈര്യം കാണിച്ച ദമ്ബതികളെ ആദരിച്ച ട്വന്റി 20 ഈ സംഭവത്തിലെ മധുര പ്രതികാരമാണ് കിഴക്കമ്ബലത്തിന് പുറമെ സമീപ പ്രദേശങ്ങളിലും തെരഞ്ഞെടുപ്പില്‍ ലഭിച്ച ഉജ്ജ്വല വിജയമെന്ന് അഭിപ്രായപ്പെടുന്നു.
അഞ്ചുവര്‍ഷം മുമ്ബ് എറണാകുളം ജില്ലയിലെ കിഴക്കമ്ബലം ഗ്രാമപഞ്ചായത്തില്‍ ഉദയംകൊണ്ട ട്വന്റി 20 ഇക്കുറി സമീപത്തെ മൂന്ന് പഞ്ചായത്തുകള്‍കൂടി പിടിച്ചെടുത്തിരുന്നു. ഇത് കൂടാതെ മറ്റൊരു പഞ്ചായത്തില്‍ വലിയ കക്ഷിയാവാനും അവര്‍ക്കായി. നാലോളം പഞ്ചായത്തില്‍ അഞ്ചുവര്‍ഷം കൊണ്ട് പ്രമുഖ കക്ഷിയായി പടരാന്‍ ആയതിന്റെ ആത്മവിശ്വാസത്തില്‍ അടുത്ത നിയമസഭയിലേക്ക് മത്സരിക്കും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അവര്‍.
കിഴക്കമ്ബലം കൂടാതെ, കുന്നത്തുനാട്, മഴുവന്നൂര്‍, ഐക്കരനാട് പഞ്ചായത്തുകളാണ് ഇടതു, വലതു മുന്നണികളില്‍ നിന്ന് പിടിച്ചെടുത്തത്. ഇതില്‍ ഐക്കരനാട്ടില്‍ പ്രതിപക്ഷമേ ഇല്ല എന്നതാണ് പ്രത്യേകത. കന്നിമത്സരത്തില്‍ തന്നെ ആകെയുള്ള14 സീറ്റും ട്വന്റി 20 നേടി. മഴുവന്നൂരില്‍ 19ല്‍ 14 സീറ്റും കുന്നത്തുനാട്ടില്‍ 18ല്‍ 11 സീറ്റും വെങ്ങോല പഞ്ചായത്തില്‍ എട്ടുസീറ്റും ട്വന്റി 20 നേടി. ജില്ലാ പഞ്ചായത്തില്‍ രണ്ടു ഡിവിഷനിലും വടവുകോട് ബ്ളോക്ക് പഞ്ചായത്തില്‍ മത്സരിച്ച ഏഴില്‍ അഞ്ചിലും അവര്‍ ജയിച്ചു. അതേ സമയം ട്വന്റി ട്വന്റിയുടെ തട്ടകമായ കിഴക്കമ്ബലത്ത് കഴിഞ്ഞ തവണത്തെക്കാള്‍ ഒരു സീറ്റു കൂടി നേടി. 19ല്‍ 18 സീറ്റും ട്വന്റി 20 പിടിച്ചടക്കി. കഴിഞ്ഞതവണ 17 സീറ്റായിരുന്നു. ചേലക്കുളം വാര്‍ഡ് മാത്രമാണ് കൈവിട്ടത്. അവിടെ യു.ഡി.എഫ് സ്വതന്ത്ര അസ്മ അലിയാര് ആണ് ജയിച്ചത്.
ഇക്കുറി വോട്ടെടുപ്പ് ദിവസവും ട്വന്റി 20 വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കിഴക്കമ്ബലം ഗ്രാമപഞ്ചായത്ത് കുമ്മനോട് വാര്‍ഡില്‍ വോട്ട് ചെയ്യാനെത്തിയ ദമ്ബതികളെ സി പി എം പ്രവര്‍ത്തകര്‍ അടിച്ചോടിക്കാന്‍ ശ്രമിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. രണ്ടു മുന്നണികളും പിന്തുണച്ച സ്വതന്ത്ര അമ്മിണി രാഘവനായിരുന്നു ഇവിടെ ട്വന്റി 20യോട് എതിരിട്ടത്. എന്നാല്‍ ഇവിടെയും ട്വന്റി 20 വിജയിക്കുകയായിരുന്നു. രണ്ടു മുന്നണികളും പിന്തുണച്ച സ്വതന്ത്ര അമ്മിണി രാഘവന് 658 വോട്ട് നേടിയപ്പോള്‍ ട്വന്റി 20യുടെ ശ്രീഷ പി.ഡി 808 വോട്ടുനേടിയാണ് ജയിച്ചത്. കിറ്റക്സ് കമ്ബനിയുടെ ബാനറിലാണ് ട്വന്റി 20 പിറവിയെടുക്കുന്നത്. ന്യായമായ വിലയില്‍ നിത്യോപയോഗ സാധനങ്ങള്‍ പൊതു വിതരണ മാതൃകയില്‍ നല്‍കിയാണ് ട്വന്റി 20 ജനമനസില്‍ ചേക്കേറുന്നത്. പഞ്ചായത്തിന് ലഭിക്കുന്ന ഫണ്ട് കൃത്യമായി ചിലവഴിച്ചാല്‍ മാത്രം മതി ജനങ്ങള്‍ക്ക് സുഖകരമായി ജീവിക്കാന്‍ എന്ന മാതൃകയാണ് ട്വന്റി 20 കാട്ടിത്തരുന്നത്.
ഭരണനേട്ടം കൊണ്ട് ജനശ്രദ്ധയാകര്‍ഷിച്ച കിഴക്കമ്ബലം മോഡല്‍ സമീപ പഞ്ചായത്തുകളെ കീഴടക്കിയതിന്റെ ഭീതിയിലാണ് ഇടതുവലതു മുന്നണികള്‍ ഇപ്പോള്‍. ട്വന്റി 20 യുടെ മാതൃകയില്‍ സംസ്ഥാനമെമ്ബാടും ജനകീയ മുന്നണികള്‍ രൂപപ്പെടുന്നുണ്ട്. കിഴക്കമ്ബലത്തെ ട്വന്റി 20 യുമായി ബന്ധമില്ലെങ്കിലും തീരദേശ പഞ്ചായത്തായ ചെല്ലാനത്ത് ഇതേ പേരിലുള്ള കൂട്ടായ്മ മികച്ച വിജയമാണ് ഇക്കുറി നേടിയത്. രണ്ടാമത്തെ വലിയ കക്ഷിയായി മാറിയ അവര്‍ എട്ട് സീറ്റുകളില്‍ വിജയിച്ചു. കൊച്ചിയില്‍ രൂപം കൊണ്ട വിഫോര്‍ കൂട്ടായ്മയും നിര്‍ണായക സ്വാധീനം വോട്ടര്‍മാരില്‍ ചെലുത്തിയിട്ടുണ്ട്.