ചെന്നൈ: നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി തമിഴ്നാട്ടിലെ മെഡിക്കല്‍ കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയ കേസില്‍ കേരളത്തില്‍ എന്‍ട്രന്‍സ് പരിശീലന കേന്ദ്രങ്ങളുള്ള സംഘത്തിനും പങ്കെന്ന് സൂചന. കേസില്‍ ബംഗളൂരു ആസ്ഥാനമായ റാക്കറ്റിന് പങ്കുണ്ടെന്നതിന്റെ സൂചന തമിഴ്നാട് ക്രൈംബ്രാഞ്ചിനാണ് ലഭിച്ചത്. ആള്‍മാറാട്ടം നടത്തിയവര്‍ സമാന ഹാള്‍ടിക്കറ്റുമായി ഒരേസമയം രണ്ട് ഇടങ്ങളില്‍ പരീക്ഷ എഴുതിയതായാണ് വിവരം.
ചെന്നൈ സ്വദേശികള്‍ക്കായി ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയ മലയാളികളായ രണ്ട് സീനിയര്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തതോടെയാണ് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്. കേരളത്തിലെ പരിശീലന കേന്ദ്ര നടത്തിപ്പുകാരാണ് ഇടനിലക്കാരുമായി ബന്ധപ്പെടുത്തിയതെന്നാണ് ഇവരുടെ മൊഴി. വന്‍തുക വാഗ്ദാനം ചെയ്താണ് റാക്കറ്റ് ഇവരെ സമീപിച്ചത്. ഹാള്‍ടിക്കറ്റിലെ പേരില്‍ ചെറിയ മാറ്റം വരുത്തിയാണ് ഒരേ സമയം രണ്ട് കേന്ദ്രങ്ങളില്‍ ഇവര്‍ പരീക്ഷ എഴുതിയത്.
ഉദിത് സൂര്യ എന്ന വിദ്യാര്‍ത്ഥി ചെന്നൈയിലും പകരക്കാരനായി പരീക്ഷ എഴുതിയ മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥി ലഖ്നൗവിലും ഒരേ സമയം പരീക്ഷ എഴുതി. ധര്‍മ്മപുരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയ ഇര്ഫാന് എന്ന വിദ്യാര്‍ത്ഥി ചെന്നൈയിലും, ആള്‍മാറാട്ടം നടത്തിയ മലയാളി വിദ്യാര്‍ത്ഥി ഡല്‍ഹിയിലുമാണ് പരീക്ഷ എഴുതിയത്. സമാന പേരും വിലാസവും നല്കി രണ്ട് സംസ്ഥാനങ്ങളില്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ഇതോടെ ഒരേ സ്വഭാവുമുള്ള ഹാള്‍ ടിക്കറ്റുകളുടെ വിശദാംശങ്ങള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയോട് ക്രൈംബ്രാഞ്ച് തേടി. ബംഗളൂരു ആസ്ഥാനമായ കേരളത്തില്‍ വേരുകളുള്ള റാക്കറ്റാണ് തട്ടിപ്പിലെ മുഖ്യകണ്ണികളെന്നാണ് പോലീസ് നിഗമനം. കേരളത്തിലെ ഒന്നാം വര്‍ഷ എംബിബിഎസ് പ്രവേശന നടപടികള്‍ പരിശോധിക്കാനും അന്വേഷണ സംഘം നീക്കം തുടങ്ങി.