തിരുവനന്തപുരം: പാലക്കാട് നഗരസഭാ കെട്ടിടത്തിനു മുകളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തി വിജയാഹ്ലാദം നടത്തിയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി അഭിഭാഷകനും ആക്ടിവിസ്റ്റുമായ ഹരീഷ് വാസുദേവന്‍. ഹിന്ദുത്വവര്‍ഗ്ഗീയതയോടുള്ള നമ്മുടെ വിവേചനം നമുക്ക് തന്നെ ബോധ്യപ്പെടാവുന്ന ഒരു സന്ദര്‍ഭമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
മതേതരത്വം പറയുന്നവര്‍ ഹിന്ദുവിരുദ്ധരാണ് എന്ന വിഷമാണ് കുറേക്കാലമായി ബി.ജെ.പി-ആര്.എസ്.എസ് ടീം പ്രചരിപ്പിക്കുന്നത്. എന്നാല്‍ സത്യമെന്താണ്? മതേതര കേരളത്തില്‍ പോലും ഒരു മുസ്ലീം വിരുദ്ധത / സോഫ്റ്റ് ഹിന്ദുത്വ ഉണ്ടാക്കാന്‍ സംഘപരിവാറിന് കഴിഞ്ഞിട്ടില്ലേ?
ഈ തെരഞ്ഞെടുപ്പ് ജയിച്ചശേഷം ലീഗ് പ്രവര്‍ത്തകര്‍ മലപ്പുറം നഗരസഭ ഓഫീസ് കെട്ടിടത്തിന് മുകളില്‍ കയറി പച്ച നിറമുള്ള വലിയ ബാനറില്‍ ‘അള്ളാഹു അക്ബര്‍’ (God is great) എന്നെഴുതി തൂക്കി മുദ്രാവാക്യം വിളിച്ചിരുന്നെങ്കില്‍ ആ വിഷ്വല്‍ കേരളത്തിലുണ്ടാക്കാന്‍ പോകുന്ന പുകില് എന്തായിരിക്കും?? ഒന്നോര്‍ത്തു നോക്കൂ.- അദ്ദേഹം പറയുന്നു.
പാലക്കാട് നഗരസഭ ബി.ജെ.പി ജയിച്ചപ്പോള്‍ ‘ജയ് ശ്രീറാം’ എന്നുള്ള ബാനര്‍ തൂക്കി. ശിവജിയുടെ ഫോട്ടോയും. ഇവിടെ എന്തെങ്കിലും വലിയ പുകിലുണ്ടായോ? പൊലിസ് കേസെടുത്തോ?
വാസ്തവത്തില്‍ അത് ഹിന്ദുക്കളുടെ മതവിശ്വാസവുമായി ബന്ധപ്പെട്ട പൊതുവാക്യം പോലുമല്ല, സംഘപരിവാറിന്റെ മുദ്രാവാക്യമാണ്. എന്നിട്ടും….
‘ഓ അതിലിപ്പോ എന്താ’ ന്ന് നിങ്ങള്‍ക്ക് തോന്നിയോ?? എങ്കില്‍ നിങ്ങളില്‍ ഒരു സോഫ്റ്റ് ഹിന്ദുത്വ മതഭീകരവാദി വളരുന്നുണ്ട്. മതേതരത്വത്തിനു എതിരായ ഒരാള്‍.
ഞാന്‍ ഹിന്ദുവാണ്, വിശ്വാസിയാണ്.പക്ഷെ മതേതര സര്‍ക്കാരിനെ മതവല്‍ക്കരിക്കാനുള്ള ശ്രമങ്ങളെ ഞാന്‍ സമ്മതിക്കില്ല. അതുകൊണ്ട് എനിക്ക് LDF ഉം UDF ഉം പോലെയല്ല BJP. അവര്‍ എന്റെ വിശ്വാസങ്ങളെ രാഷ്ട്രീയത്തിന് ഉപയോഗിച്ച് അപമാനിക്കുകയാണ്. പാലക്കാട് സംഭവത്തെ തള്ളിപ്പറയാത്ത ഒരു BJP നേതാവിനെ കേരളത്തിലെ ചാനലുകള്‍ എങ്ങനെയാണ് ജനാധിപത്യ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കുന്നത്? പാലക്കാട് സംഭവത്തെ BJP തള്ളിപ്പറയുന്നത് വരെ BJP യോട് ചര്‍ച്ചകളില്‍ സഹകരിക്കില്ലെന്ന് പറയാനുള്ള നിലപാട് LDF ഉം UDF ഉം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.