കണ്ണൂര്‍ : മഞ്ചേശ്വരത്തെ ഇടതുസ്ഥാനാര്‍ത്ഥി ശങ്കര്‍ റൈക്കെതിരെ ഗുരുതര ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ശങ്കര്‍ റൈ കമ്മ്യൂണിസ്റ്റ് വേഷം അണിഞ്ഞ സംഘ പരിവാറുകാരനാണ്. തന്ത്രിയുടെ അനുഗ്രഹം വാങ്ങി തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത് അതിന്റെ തെളിവാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ സിപിഎം ബിജെപി വോട്ട് കച്ചവടം നടക്കുന്നുണ്ടെന്നും മുല്ലപ്പള്ളി ആവര്‍ത്തിച്ചു .
സിപിഎമ്മും ബിജെപിയും തമ്മില്‍ വോട്ടുകച്ചവടം തുടങ്ങിയിട്ട് ഏറെ വര്‍ഷങ്ങളായി. ഇത്തവണ ഉപതെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ ഇവര്‍ക്കിടയില്‍ വോട്ടുകച്ചവടം നടക്കും. ശബരിമല വിഷയത്തില്‍ എന്താണ് നിലപാടെന്ന് സിപിഎം വ്യക്തമാക്കണം. സ്ഥാനാര്‍ത്ഥിയും പാര്‍ട്ടിയും പറയുന്നത് വ്യത്യസ്ത കാര്യങ്ങളാണ്.ആര് പറയുന്നതാണ് ശരിയെന്ന് വ്യക്തമാക്കണം. ഉപതെരഞ്ഞെടുപ്പുകളില്‍ ശബരിമല മുഖ്യ ചര്‍ച്ചാവിഷയമാകും. പെരിയ ഇരട്ടക്കൊലപാതകവും ചര്‍ച്ചയാകും.
പെരിയ ഇരട്ടക്കൊലപാതകവും, ടി പി ചന്ദ്രശേഖരന് വധക്കേസും സിബിഐ അന്വേഷിച്ചാല്‍ ഇന്ന് ഭരിക്കുന്ന പലരും അഴിക്കുള്ളിലാകും. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒമ്ബതു മാസം കൊണ്ട് 70 ബാര്‍ ലൈസന്‍സുകള്‍ ആണ് അനുവദിച്ചത്. ഇതില്‍ വന്‍ കുംഭകോണം നടന്നിട്ടുണ്ട്. പാര്‍ട്ടിയുടെ ഫണ്ട് സമാഹാരണത്തിനു അബ്കാരികള്‍ വലിയ തുക നല്‍കിക്കഴിഞ്ഞു. ഇതില്‍ അന്വേഷണം നടത്തണം.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരിവില്പനയുമായി ബന്ധപ്പെട്ട് ഷിബു ബേബി ജോണ്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. അതില്‍ സമഗ്ര അന്വേഷണം നടത്തണം. മാണി സി കാപ്പന് അധികാരദല്ലാളാണ്. അങ്ങനെയൊരാളെയാണ് പാലാക്കാര് വിജയിപ്പിച്ചിരിക്കുന്നത്. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് കോണ്‍ഗ്രസ് നേതാക്കളുടെ അസാന്നിധ്യമുണ്ടെന്ന ആരോപണം തെറ്റാണ്. – മുല്ലപ്പള്ളി പറഞ്ഞു