പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടിലേക്ക് 100 കോടി വിദേശ പണം എത്തി, ഇഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നത്.
കൊച്ചി: പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടിലേക്ക് 100 കോടിയിലേറെ രൂപ ലഭിച്ചിട്ടുണ്ടെന്നും വർഷങ്ങൾ കൊണ്ടാണ് ഇത്രയും വലിയ തുക എത്തിയതെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ അറിയിച്ചു. ഇതിന്റെ സ്രോതസ്സും വിനിയോഗവും അന്വേഷിച്ചു വരികയാണ്.പോപ്പുലർ ഫ്രണ്ടിന്റെ അനുബന്ധ സംഘടനയായ കാമ്പസ് ഫ്രണ്ടിന്റെ ദേശീയ ജനറൽ സെക്രട്ടറി കെ.എ.റൗഫ് ഷെരീഫിനെ 14 ദിവസം കസ്റ്റഡിയിൽ കിട്ടാൻ സമർപ്പിച്ച അപേക്ഷയിലാണ് ഇക്കാര്യം പറയുന്നത്. ശനിയാഴ്ച രാത്രിയിലാണ് റൗഫിനെ തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് ഇ.ഡി അറസ്റ്റ് ചെയ്തത്. കസ്റ്റഡി അപേക്ഷ കോടതി ഇന്നു പരിഗണിക്കും.കഴിഞ്ഞ ഫെബ്രുവരിയിലെ ഡൽഹി കലാപത്തിനിടെ കള്ളപ്പണം വെളുപ്പിച്ചതിനെക്കുറിച്ച് ഇ.ഡി അന്വേഷിച്ചു വരികയാണ്. ഡൽഹി കലാപത്തെത്തുടർന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും നേതാക്കളുമടക്കമുള്ള പലരും അറസ്റ്റിലായിരുന്നു. ബംഗളൂരു കലാപത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമായ എസ്.ഡി.പി.ഐയ്ക്ക് ബന്ധമുണ്ടെന്ന് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.വിദേശ പണം ഒഴുകിഅടുത്തിടെ രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും നടത്തിയ റെയ്ഡിൽ നിരവധി രേഖകളും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇ.ഡിയുടെ കണ്ടെത്തൽ ഇവയാണ്: വിദേശ ഫണ്ട് വൻതോതിൽ ലഭിച്ചതിന്റെയും വൻതുക വിദേശത്തുനിന്ന് ശേഖരിക്കാനുള്ള പദ്ധതിയുടെയും തെളിവുകൾ ഇതിലുണ്ട്.വിദേശപണം ശേഖരിക്കാൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ നിയോഗിച്ചിരുന്നു. ശേഖരിച്ച പണം ബാങ്ക് അക്കൗണ്ടുകളിൽ വന്നതായി തെളിവില്ല. ഹവാലയടക്കമുള്ള നിയമവിരുദ്ധ വഴികളിലൂടെ പണമെത്തിച്ചെന്ന് വ്യക്തം. പോപ്പുലർ ഫ്രണ്ടും കാമ്പസ് ഫ്രണ്ടും ഉൾപ്പെടെയുള്ളവ തുടർച്ചയായി കള്ളപ്പണം വെളുപ്പിക്കുന്നുണ്ട്. ഇങ്ങനെ ലഭിക്കുന്ന തുക നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നുണ്ട്.2013 മുതൽ പോപ്പുലർ ഫ്രണ്ട് വിവിധ കുറ്റകൃതങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടത്തിൽ പോപ്പുലർ ഫ്രണ്ട് പങ്കെടുത്തിരുന്നു. 2019 ഡിസംബർ മുതൽ 2020 ഫെബ്രുവരി വരെ ഫണ്ട് ഇതിനായി വിനിയോഗിച്ചിട്ടുണ്ടാകാം.