മലപ്പുറം : നിലമ്ബൂര്‍ മേഖലയില്‍ ചികിത്സ ലഭിക്കാതെ ആദിവാസി കുഞ്ഞ് മരിച്ചു. നിലമ്ബൂര്‍ പാത്തിപ്പാറ ചക്കപ്പാലി കോളനിയിലെ രാജു-സുനിത ദമ്ബതികളുടെ എട്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജനിച്ച മൂന്നു മാസം പ്രായമായ കുഞ്ഞാണ് മരിച്ചത്.
ഒക്ടോബര്‍ ഒന്നിനു ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നു ദമ്ബതികള്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചു ഡോക്ടറെ കാണിച്ചു. തുടര്‍ന്നു കുട്ടിക്ക് കഫകെട്ടിനുള്ള മരുന്നു നല്കി വിട്ടയച്ചു. രോഗം മൂര്‍ഛിച്ചതോടെ പിറ്റേന്നു പുലര്‍ച്ചെ വീണ്ടും ആശുപത്രിയില്‍ കൊണ്ടുവന്ന കുട്ടിക്ക് കഫകെട്ടിനു തന്നെ മരുന്നു നല്കി വിട്ടുയക്കുകയായിരുന്നു.
വീട്ടിലെത്തിയപ്പോള്‍ ശ്വാസതടസം കൂടിയതോടെ വീണ്ടും ജില്ലാശുപത്രിയിലേക്കു കൊണ്ടുവന്നു. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാനായിരുന്നു നിര്‍ദേശം. തുടര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച കുഞ്ഞ് പുലര്‍ച്ചെ അഞ്ചോടെ മരിച്ചു.
അണുബാധയെത്തുടര്‍ന്നു ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തടസപ്പെട്ടതാണ് മരണത്തിനിടയാക്കിയതെന്നാണ് മെഡിക്കല്‍ കോളജില്‍ നിന്നു ലഭിച്ച വിവരമെന്നു കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. നിലമ്ബൂര്‍ ജില്ലാശുപത്രിയില്‍ തുടര്‍ച്ചയായി എത്തിയിട്ടും മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് ബന്ധുക്കള്‍ പരാതിപ്പെടുന്നത്.