കാസർകോട്: രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച ഗർഭിണി ഒരു ദിവസം മുമ്പ് പ്രസവിച്ചതായി ഡോക്ടർ. ഇല്ലെന്ന് വീട്ടുകാർ. ഒടുവിൽ ഡോക്ടറുടെ നിർദ്ദേശത്തെ തുടർന്ന് വീട്ടിൽ നടത്തിയ തെരെച്ചിലിൽ കട്ടിലിനിടയിൽ തുണിയിൽ പൊതിഞ്ഞ് കഴുത്തിൽ കേബിൾ വയർ ചുറ്റിയ നിലയിൽ ചോരകുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി.
ബദിയടുക്ക പെർഡാലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പെർഡാലയിലെ ശാഫിയുടെ ഭാര്യ ശാഹിന (28) യെയാണ് രക്തസ്രാവത്തെ തുടർന്ന് ചെങ്കള സഹകരണ ആശുപത്രിയിൽ ചൊവ്വാഴ്ച വൈകീട്ടോടെ എത്തിച്ചത്.പ്രസവ രോഗ വിദഗ്ദ്ധ പരിശോധിച്ച ഉടനെ തന്നെ ശാഹിന ആശുപത്രിയിലെത്തും മുമ്പ് തന്നെ പ്രസവിച്ചതായി ബന്ധുക്കളെ അറിയിച്ചു. പ്രസവം നടന്നിട്ടില്ലെന്ന് വീട്ടുകാർ തറപ്പിച്ച് പറഞ്ഞു. എന്നാൽ പ്രസവം നേരത്തേ നടന്നിട്ടുണ്ടെന്ന കാര്യത്തിൽ ഡോക്ടർ ഉറച്ചു നിന്നു. ഡോക്ടറുടെ നിർദ്ദേശപ്രകാരം വീടും പരിസരവും പരിശോധിക്കുന്നതിനിടയിലാണ് കിടപ്പ് മുറിയിലെ കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ് കേബിൾ വയർ കഴുത്തിൽ ചുറ്റിയ നിലയിൽ ചോര കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്.
ശാഹിന തന്നെയായിരിക്കാം പ്രസവം നടന്ന ശേഷം അത് വീട്ടുകാരിൽ നിന്നും വിവരം മറച്ചുവെച്ച് കുഞ്ഞിൻ്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ വെച്ചതെന്നാണ് കരുതുന്നത്. കുഞ്ഞിനെ കൊല്ലാനാണ് കഴുത്തിൽ ഫോൺ ചാർജ്ജിൻ്റെതാണെന്ന് സംശയിക്കുന്ന കേബിൾ വയർ മുറുക്കിയതെന്ന് സംശയിക്കുന്നത്.
ഒരു ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിൻ്റെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബദിയടുക്ക പോലീസ് അന്വേഷണം ആരംഭിച്ചു. രക്തസ്രാവത്തെ തുടർന്ന് അവശയായ ശാഹിനയിൽ നിന്നും മെഴിയെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
എറണാകുളത്ത് ജോലി ചെയ്യുന്ന ശാഫി ഇപ്പോൾ നാട്ടിലാണ്. ഇവർക്ക് ഒരു ആൺകുട്ടി കൂടിയുണ്ട്.